നിലവില്‍ ഒരു റോ റോ മാത്രമാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്

കൊച്ചി: പശ്ചിമകൊച്ചിക്കാരുടെ യാത്ര ദുരിതത്തിന് അവസാനമാകുന്നു. വൈപ്പിന്‍-ഫോര്‍ട്ട്‌കൊച്ചി റൂട്ടില്‍ ഓടാനായി നഗരസഭ എത്തിച്ച രണ്ടാമത്തെ റോ റോയും സര്‍വീസിനായി എത്തുന്നതോടെയാണിത്.

റോ റോ ഓടിക്കാന്‍ പരിശീലനം ലഭിച്ച ഡ്രൈവറും ലഭ്യമാണ് എന്നതിനാല്‍ തിങ്കളാഴ്ച്ച മുതല്‍ സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. നിലവില്‍ ഒരു റോ റോ മാത്രമാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് ആറു വരെയാണ് സര്‍വീസ്. ഈ സമയമത്രയും നിലവില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. റോ റോ യില്‍ കയറ്റുവാനുള്ള വാഹനങ്ങളുടെ നീണ്ടനിരയും ഉണ്ടാകും. 

രണ്ടു റോ റോയും ഓടിത്തുടങ്ങുന്നതോടെ കൂടുതല്‍ വാഹനങ്ങള്‍ ഇതുവഴി പോകുമെന്നാണ് പ്രതീക്ഷ. ഇതോടെ റോ റോയ്ക്ക് നിലവിലുള്ള സമയ നിയന്ത്രണത്തിനും മാറ്റം കൊണ്ടുവരേണ്ടി വരും. രാത്രിയും പകലും വ്യത്യാസമില്ലാതെ മത്സ്യബന്ധന വള്ളങ്ങള്‍ ഓടുന്നത് കൂടുതല്‍ റോ റോ സര്‍വീസുകള്‍ നടത്തുന്നതിനു ബുദ്ധിമുട്ടായേക്കുമോ എന്നൊരു സംശയം നിലവിലുണ്ട്. 

കപ്പല്‍ചാലിലെ വെള്ളത്തിന്‍റെ ഒഴുക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നതായിരുന്നു ആദ്യ റോ റോ സര്‍വീസ് തുടങ്ങുന്നതിനു മുന്‍പുള്ള പ്രധാന പേടി. എന്നാല്‍ എല്ലാ ആശങ്കകളും റോ റോ ഓടിത്തുടങ്ങിയതോടെ ഇല്ലാതായിരുന്നു. ഈ സാഹചര്യത്തില്‍ രാത്രി സമയം കൂടി റോ റോ സര്‍വീസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.