ന്യൂഡല്‍ഹി: പാകിസ്താനിലുള്ള ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുടെ മക്കളെ വിദേശകാര്യ മന്ത്രാലയം തിരികെ വിളിച്ചു. ഹൈക്കമ്മീഷനിലെ മുഴുവന്‍ ജീവനക്കാരുടെയും മക്കളെ ഇന്ത്യയിലേക്ക് തിരിച്ചയ്ക്കാന്‍ വിദേശകാര്യ മന്ത്രാലയം പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അറുപതോളം കുട്ടികള്‍ ഇത്തരത്തില്‍ പാക്കിസ്ഥാനില്‍ പഠിക്കുന്നുണ്ട്. അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ ഇവരെ ഇന്ത്യയില്‍ പഠിപ്പിച്ചാല്‍ മതിയെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഉത്തരവ്. കുട്ടികളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കശ്മീരിലെ പ്രശ്നങ്ങളുടെ പാശ്ചാത്തലത്തിലാണ് തീരുമാനം. ഒരു വര്‍ഷം മുമ്പെടുത്ത തീരുമാനം ഇപ്പോള്‍ പുറത്തു വന്നതാണെന്നും സൂചനകളുണ്ട്. പെഷവാറിലെ ആര്‍മി സ്കൂളിലെ ഭീകരാക്രമണത്തെ തുടര്‍ന്നായിരുന്നു ആദ്യ തീരുമാനം. ആര്‍മി സ്കൂളിലെ ഭീകരാക്രമണത്തില്‍ നൂറിലധികം കുട്ടികളാണ് കൊല്ലപ്പെട്ടത്. മാത്രമല്ല പാക്ക് സ്കൂളുകളില്‍ പഠിക്കുന്ന ഇന്ത്യന്‍ കുട്ടികള്‍ക്ക് സ്കൂളില്‍ ഭാഗിക സ്വാതന്ത്ര്യം മാത്രമാണ് ലഭിച്ചിരുന്നത്. ഇതുംകൂടി കണക്കിലെടുത്താണ് നടപടിയെന്നാണ് സൂചന.
നയതന്ത്ര പ്രതിനിധികളുടെ മക്കളെ തിരികെ വിളിച്ചുവെന്ന വാര്‍ത്ത വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പാക്ക് വിദേശകാര്യ മന്ത്രാലയവും സ്കൂള്‍ അധികൃതരും തീരുമാനം പുന:പരിശോധിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതായും സൂചനകളുണ്ട്. എന്നാല്‍ അഭ്യര്‍ത്ഥന നിരസിച്ചതായാണ് സൂചന. ഇത് കേവലം സാധാരണ നടപടി മാത്രമാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഭാഷ്യം.
