കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ച്ച വിമാനത്താവളത്തില്‍ യാത്രക്കാരെ തെറ്റായ സ്ഥലത്ത് ഇറക്കി വിട്ടു

കൊച്ചി: മസ്കറ്റില്‍ നിന്നുള്ള വിമാനത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ തെറ്റായ സ്ഥലത്ത് ഇറക്കി വിട്ടു. അന്താരാഷ്ട്ര ടെര്‍മിനലിനു പകരം അഭ്യന്തര ടെര്‍മിനലില്‍ നിന്നു പുറത്തു കടക്കാനുള്ള വാതിലിനടുത്ത് ബസ്സ് ഡ്രൈവര്‍ ഇറക്കി വിടുകയായിരുന്നു. പുറത്തേക്കുള്ള ഗേറ്റിനടുത്ത് വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് യാത്രക്കാര്‍ തെറ്റായ സ്ഥലത്താണ് എത്തിയിരിക്കുന്നത് എന്ന് കണ്ടുപിടിച്ചത്. ബുധനാഴ്ച്ചയാണ് സംഭവം. 

മസ്കറ്റില്‍ നിന്നെത്തിയ വിമാനം സാധാരണ നിര്‍ത്തുന്ന സ്ഥലത്ത് നിന്ന് മാറി ദൂരെയുള്ള ഡോക്കിലാണ് നിര്‍ത്തിയത്. അതിനാല്‍ യാത്രക്കാരെ ബസ്സില്‍ കയറ്റി പുറത്തേക്കുള്ള വാതിലില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ബസ്സ്‌ ഡ്രൈവര്‍ അന്താരാഷ്ട്ര ടെര്‍മിനലിനു പകരം ആഭ്യന്തര ടെര്‍മിനലിന്‍റെ വാതിലിലാണ് യാത്രക്കാരെ ഇറക്കി വിട്ടത്.

മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് എമിഗ്രേഷന്‍, കസ്റ്റംസ് ക്ലിയറന്‍സിനുള്ള സൗകര്യങ്ങള്‍ അഭ്യന്തര ടെര്‍മിനലില്‍ ഇല്ല. അതിനാല്‍ തെറ്റ് മനസിലായപ്പോള്‍ യാത്രക്കാരെ അതേ ബസ്സില്‍ തന്നെ ശരിയായ സ്ഥലത്തേക്ക് വിടേണ്ടി വന്നു. 

സംഭവം അറിഞ്ഞ ഉടന്‍ യാത്രക്കാരെ തെറ്റായ സ്ഥലത്ത് ഇറക്കിയ ബസ്സ്‌ ജീവനക്കാരനെ സസ്പെന്‍ഡ് ചെയതു. ഗ്രൗണ്ട് ഹാന്‍ഡ്‍ലിങ്ങ് സ്റ്റാഫിന്‍റെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ പാളിച്ചയാണ് സംഭവത്തിന്‌ കാരണം എന്നും എയര്‍പോര്‍ട്ട്‌ ആതോറിറ്റി അറിയിച്ചു. ഗ്രൗണ്ട് ഹാന്‍ഡ്‍ലിങ്ങ് സ്റ്റാഫിനെ നിയോഗിച്ച സെക്യൂരിറ്റി ഏജന്‍സിയില്‍നിന്നു വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.