കഴിഞ്ഞ ദിവസം രാത്രി 9.30നാണ് ബിജെപി പ്രവര്‍ത്തകന്‍ വിനീഷ്, തില്ലങ്കേരി ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്തുവച്ച് വെട്ടേറ്റ് മരിച്ചത്. തില്ലങ്കേരിയില്‍ തന്നെ സിപിഐഎം പ്രവര്‍ത്തകന്‍ ജിജോയ്‌ക്ക് ബോംബേറില്‍ പരിക്കേറ്റ് മണിക്കൂറിനുള്ളിലായിരുന്നു കൊലപാതകം. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് ശേഷം ആര്‍എസ്എസ്-സിപിഐഎം ഏറ്റുമുട്ടലുണ്ടായ മുഴക്കുന്നിന് അടുത്ത പ്രദേശമായ തില്ലങ്കേരിയിലും സംഘര്‍ഷമുണ്ടായതോടെ രാത്രി തന്നെ കൂടുതല്‍ പൊലീസിനെ ഈ മേഖലകളില്‍ വിന്യസിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ ജില്ലയിലെങ്ങും കനത്ത ജാഗ്രതയിലാണ് പൊലീസ്. സംഘര്‍ഷ സാധ്യതയുളള മേഖലകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. കൊലപാതകത്തി്ല്‍ പ്രതിഷേധിച്ച് ബിജെപി കണ്ണൂര്‍ ജില്ലയിലും മാഹിയിലും നടത്തിയ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ രാവിലെ ബോംബേറുണ്ടായി. കൈതേരി ലോക്കല്‍ കമ്മിറ്റി ഓഫീസും ആക്രമിക്കപ്പെട്ടു. സിപിഐഎം പ്രവര്‍ത്തകന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഐഎം തില്ലങ്കേരിയില്‍ ഹര്‍ത്താല്‍ നടത്തി. വിനീഷിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഐഎമ്മാണെന്ന് ബിജെപി ആരോപിച്ചു.

ഇരിട്ടി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകം അന്വേഷിക്കുന്നത്. രണ്ട് മാസത്തിനിടെ കണ്ണൂരിലെ മൂന്നാമത്തെ രാഷ്‌ട്രീയ കൊലപാതകമാണ് തില്ലങ്കരിയില്‍ നടന്നത്. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകള്‍ക്ക് ശേഷം വിവിധയിടങ്ങളിലുണ്ടായ സംഘര്‍ഷം വ്യാപിക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് പൊലീസ്.