സ്വാശ്രയ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം . വകുപ്പുകള്‍ തമ്മില്‍ എകോപനമില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. തീരുമാനം എടുക്കാൻ പന്ത്രണ്ടാം മണിക്കൂർ വരെ കാത്തിരുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. ഓര്‍ഡിനന്‍സിലെ ചെറിയ ന്യൂനത പരിഹരിക്കാന്‍ ഇത്രയും സമയമെടുത്തതെന്തിനെന്നും ഹൈക്കോടതി ചോദിച്ചു. ഓർഡിനൻസിൽ ചെറിയ തിരുത്തലുകൾ മാത്രമാണ് വേണ്ടിയിരുന്നത്.

സ്വാശ്രയ കോളജുകളിലെ എംബിബിഎസ്, ബിഡിഎസ് ഫീസ് ജസ്റ്റിസ് ആർ.രാജേന്ദ്രബാബു സമിതി ഇന്ന് രാവിലെയാണ് പുതുക്കി നിശ്ചയിച്ചത്. മെഡിക്കൽ ഫീസ് 50,000 രൂപ കുറച്ചു. എംബിബിഎസ് ജനറൽ സീറ്റിൽ ഫീസ് 5 ലക്ഷമാക്കി.എൻആർഐ സീറ്റുകളിൽ 20 ലക്ഷമായിരിക്കും ഫീസ്. ബിഡിഎസ് ഫീസ് കൂട്ടിയിട്ടുണ്ട്. ജനറല്‍ ബിഡിഎസിന് ഫീസ് 2.9 ലക്ഷമാക്കി. ബിഡിഎസിന് എന്‍ആര്‍ഐ സീറ്റില്‍ 6 ലക്ഷമായിരിക്കും ഫീസ്. എംബിബിഎസിന് 85% സീറ്റിൽ 5.5 ലക്ഷം രൂപയും ബി‍ഡിഎസിന് 2.5 ലക്ഷവും ഏകീകൃത ഫീസാണ് നേരത്തെ കമ്മിറ്റി നിശ്ചയിച്ചത്. കരാർ അനുസരിച്ചു ക്രിസ്ത്യൻ മെഡിക്കൽ കോളജുകൾ ഈ വർഷം 4.85 ലക്ഷം രൂപയ്ക്കു പഠിപ്പിക്കേണ്ടതായിരുന്നു. അവർക്ക് 5.5 ലക്ഷം അനുവദിച്ചതു വിമർശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണു ഫീസ് കുറച്ചത്.