തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. സര്‍ക്കാരുമായി ചര്‍ച്ചക്കില്ലെന്ന് മാനേജ്‌മെന്റുകള്‍ വ്യക്തമാക്കിയപ്പോള്‍ മാനജേമെന്റുകളെ ക്ഷണിച്ചുവരുത്തി ചര്‍ച്ച നടത്തേണ്ടതില്ലെന്ന് സര്‍ക്കാരും നിലപാടെടുത്തു. ഇതോടെ സ്വാശ്രയ മെഡിക്കല്‍ പ്രവേശന പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.
ഒരു സീറ്റിലും ഫീസ് കൂട്ടാനാകില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ചൊവ്വാഴ്ചത്തെ കേസില്‍ കോടതി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. പകുതി സീറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസ്, ബാക്കി പകുതിയില്‍ കൂടുതല്‍ ഫീസ്. എന്‍ആര്‍ഐ ക്വാട്ടയില്‍ ഒരു നിശ്ചിത ശതമാനം സീറ്റ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാട്ടയായി പ്രവേശനം നടത്താനും അനുവദിക്കണം. ഇതാണ് മാനേജ്‌മെന്റുകള്‍ മുന്നോട്ടുവച്ച പുതിയ ഫോര്‍മുല.
ഈ നിര്‍ദ്ദേശങ്ങളില്‍ നാളെ ചര്‍ച്ച നടത്താനിരുന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ചര്‍ച്ചയ്ക്ക് ക്ഷണിക്കാത്ത സാഹചര്യത്തിലാണ് മാനേജമെന്റുകളുടെ പിന്മാറ്റം. നേരത്തെ നിശ്ചയിച്ച ഫീസിനെതിരെയാണ് മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. മെഡിക്കല്‍ പ്രവേശനത്തിനുള്ള ഓര്‍ഡിനന്‍സ് സമയത്ത് പുതുക്കാതിരുന്നതും ഓര്‍ഡിനന്‍സ് പ്രകാരമുള്ള ഫീസ് നിര്‍ണയ സമിതിക്ക് രൂപം നല്‍കാത്തതുമാണ് സര്‍ക്കാരിന് വിനയായിരിക്കുന്നത്.
