പാറ്റ്ന: വിവാദ പ്രസ്താവനയില്‍ വലഞ്ഞ് ബീഹാര്‍ ഔറംഗബാദ് ജില്ലാ ജഡ്ജി കന്‍വാല്‍ തനൂജ്. സ്വച്ച് ഭാരതിന്‍റെ പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകളി‍ല്‍ ശുചിമുറ നിര്‍മ്മിക്കുന്നതിന്‍റെ ആവശ്യകതയെപറ്റി ഗ്രാമവാസികളെ ബോധവല്‍ക്കരിക്കാനെത്തിയതായിരുന്നു ജഡ്ജി.

സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കാനായി വീടുകളില്‍ ശുചിമുറി നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ട ജഡ്ജി നിങ്ങളുടെ ഭാര്യയുടെ മൂല്യം 12000 രൂപയില്‍ താഴെയാണെങ്കില്‍ കൈകളുയര്‍ത്തി എന്നോട് പറയു എന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ ആരും കൈകളുയര്‍ത്തരുതെന്നും ജഡ്ജി പറഞ്ഞു.

12000 രൂപയ്ക്ക് തന്‍റെ ഭാര്യയുടെ അഭിമാനം നല്‍കുന്നവരാരെങ്കിലും ഈ ആള്‍ക്കൂട്ടത്തിലുണ്ടോയെന്ന ചോദ്യത്തിന് ഒരാള്‍ മറുപടി നല്‍കുകയായിരുന്നു. ശുചിമുറി നിര്‍മ്മിക്കാന്‍ പണമില്ലായെന്ന് പറഞ്ഞ യുവാവിനോട് എങ്കില്‍ തന്‍റെ ഭാര്യയെ പോയി വില്‍ക്കുവെന്നായിരുന്നു ജഡ്ജി കൊടുത്ത മറുപടി.

2016 സെപ്റ്റംബറില്‍ ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കൂമാര്‍ സ്വച്ഛ് ഇന്ത്യയുടെ ഭാഗമായി രണ്ട് പദ്ധതികള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നിരുന്നു. ഹര്‍ ഗര്‍ നാല്‍ ക ജല്‍ , ശൗചാലയ് നിര്‍മ്മാണ്‍ ഗര്‍ കാ സാമാന്‍ എന്നിവയാണ് പദ്ധതികള്‍. 2019 നുള്ളില്‍ ബീഹാറിലെ ഏല്ലാ പ്രദേശങ്ങളിലും ഈ പദ്ധതിയുടെ ഫലം ലഭ്യമാകും. ഈ പദ്ധതികളുടെ ഭാഗമായി 12000 രൂപ ടോയ് ലറ്റ് നിര്‍മ്മാണത്തിനായ് നല്‍കും. ഈ പദ്ധതിയെപ്പറ്റി സംസാരിക്കുന്നതിനിടയിലാണ് ജഡ്ജിക്ക് നാക്ക് പിഴച്ച്ത്.