ലാഹോര്‍: അയല്‍ക്കാരിയടക്കം എട്ട് പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ പിടിയില്‍. പഞ്ചാബ് പ്രവിശ്യയിലെ കസൂറില്‍ എട്ടു വയസ്സുകാരി സൈനബ് അന്‍സാരിയെ തട്ടിക്കൊണ്ടു പോയ ഇയാളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചിരുന്നു. പെണ്‍കുട്ടിയെ നാലു ദിവസങ്ങള്‍ക്ക് ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിലയില്‍ സമീപത്തുള്ള മാലിന്യകൂമ്പാരത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പാക്ക് സര്‍ക്കാര്‍ ഉചിത നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് വന്‍ പ്രക്ഷോഭം നടക്കുമ്പോഴാണ് അറസ്റ്റ്. സൈനബിന്റെ അയല്‍ക്കാരന്‍ തന്നെയാണ് പിടിയിലായ ഇമ്രാന്‍ അലി(24).
സൈനബിന്റെ മരണത്തിന് സമാനമായ പന്ത്രണ്ടാമത്തെ കൊലപാതകമാണ് നഗരത്തില്‍ നടന്നത് ജനങ്ങള്‍ പറയുന്നു. കൊലപാതകത്തിന് പിന്നില്‍ സീരയില്‍ കില്ലറാണെന്നും പരാതി വന്നു. ഇക്കാര്യം ഉറപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പോലീസും പുറത്തു വിട്ടുകൊണ്ടിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ഇയാള്‍ കുറ്റസമ്മതം നടത്തി.
ഡിഎന്‍എ പരിശോധനയിലെ തെളിവുകളും പ്രതിക്കെതിരാണ്. കാണാതായ ദിവസം ഒരാള്‍ക്കൊപ്പം സൈനബ് ശാന്തയായി നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നു ലഭിച്ചിരുന്നു. ഇതില്‍ നിന്നാണ് പരിചയമുള്ളയാളാണു കൊലയ്ക്കു പിന്നിലെന്നു തെളിഞ്ഞത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഒട്ടേറെ പെണ്‍കുട്ടികളെ ഇത്തരത്തില്‍ കൊല ചെയ്തതായി ഇമ്രാന്‍ വെളിപ്പെടുത്തി. ഏഴു പേരെയെങ്കിലും മാനഭംഗപ്പെടുത്തി കൊല ചെയ്തതായി ഇമ്രാന്‍ കുറ്റസമ്മതം നടത്തിയെന്നും പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ബുധനാഴ്ച തന്നെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം സ്ഥിരീകരിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് ഫലം കാത്തിരിക്കുകയായിരുന്നു. ആയിരത്തോളം പേര്‍ക്കാണ് കേസുമായി ബന്ധപ്പെട്ട് ഡിഎന്‍എ ടെസ്റ്റ് നടത്തിയത്. സൈനബിനു നീതി കിട്ടണമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് രാജ്യത്ത് വന്‍ പ്രതിഷേധമാണ് അലയടിച്ചത്. പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനക്കൂട്ടം സ്ഥലത്തെ പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു. പൊലീസ് നടത്തിയ വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു
