കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി കിളിയന്തറ സ്വദേശി സജു (37) വിയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്.

കാസര്‍കോട്: നിരവധി മോഷണ കേസുകളിലെ പ്രതി പിടിയില്‍. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി കിളിയന്തറ സ്വദേശി സജു (37) വിയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. സജുവിനെതിരെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പെറ്റി കേസുകളടക്കം നിരവധി മോഷണ കേസുകള്‍ നിലവിലുണ്ട്. 

ആള്‍ത്തിരക്കൊഴിഞ്ഞ ചെറിയ കടകളിലും മൊബൈല്‍ കടകളിലുമാണ് ഇയാള്‍ പ്രധാനമായും മോഷണത്തിനായി തെരഞ്ഞെടുക്കുന്നത്. പലചരക്ക് കടകളിലെത്തിയാല്‍ സാധനങ്ങളുടെ നീണ്ട ലിസ്റ്റ് ഇയാള്‍ കടയുടമസ്ഥന് നല്‍കും. സാധനങ്ങളെടുക്കാന്‍ കടയുടമസ്ഥന്‍ അകത്തേക്ക് പോകുന്ന സമയത്ത് അവിടെ നിന്നും കിട്ടുന്നതെന്തും എടുത്ത് രക്ഷപ്പെടുകയാണ് ഇയാളുടെ മോഷണ രീതി. 

കുമ്പള ടൗണിലെ സൈനുദ്ദീന്റെ കടയില്‍ നിന്നും 30,000 രൂപ കവര്‍ന്ന കേസിലാണ് സജു അറസ്റ്റിലായത്. 2018 ഫെബ്രുവരി 16 നാണ് സൈനുദ്ദീന്റെ കടയില്‍ നിന്നും മേശവലിപ്പിലുണ്ടായിരുന്ന പണം മോഷണം പോയത്. സിസിടിവിയില്‍ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിരുന്നു. ഇത് പ്രതിയെപിടികൂടാന്‍ സഹായകമായി. ഇയാളെ ചോദ്യം ചെയ്തതോടെ വിദ്യാനഗര്‍ സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന രണ്ട് കേസുകള്‍ കൂടി തെളിഞ്ഞിട്ടുണ്ട്. ചെര്‍ക്കളയിലെ ഒരു കടയില്‍ നിന്നും ഒരു മൊബൈലും പൊയ്‌നാച്ചിയിലെ കടയില്‍ നിന്നും ലാപ്‌ടോപും കവര്‍ച്ച ചെയ്ത കേസുകളാണ് തെളിഞ്ഞത്. വിവിധ കേസുകളിലായി മൂന്നര വര്‍ഷത്തോളം സജു ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. 

കണ്ണൂര്‍ ജില്ലയിലെ മിക്ക പോലീസ് സ്‌റ്റേഷനിലും സജുവിനെതിരെ കേസ് നിലവിലുണ്ട്. കാസര്‍കോട്, മഞ്ചേശ്വരം, കുമ്പള, വിദ്യാനഗര്‍, ചന്തേര പോലീസ് സ്‌റ്റേഷനുകളിലും സജുവിനെതിരെ കേസുണ്ടെന്ന് കുമ്പള സിഐ പ്രേംസദന്‍ പറഞ്ഞു. കുമ്പളയിലെ ഒരു കടയില്‍ വില്‍പന നടത്തിയ മൊബൈല്‍ ഫോണും 4,000 രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.