തലസ്ഥാന നഗരത്തില്‍ കുടിവെള്ളം ഇനി 25 ദിവസത്തേക്ക് മാത്രം. പ്രധാന ജലസംഭരണിയായ പേപ്പാറയിലെ വെള്ളം അഞ്ചടി കൂടി താഴ്ന്നാല്‍ നഗരത്തിലേക്കുള്ള ജലവിതരണം പൂര്‍ണ്ണമായും നിലക്കും. കുടിവെള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ നഗരത്തില്‍ പലയിടത്തും തുള്ളി വെള്ളം കിട്ടാതെ ജനങ്ങള്‍ ദുരിതത്തിലാണ്. കോടികള്‍ ചെലവാക്കി നെയ്യാര്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുവരാന്‍ തിരക്കിട്ട ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അണക്കെട്ടില്‍ എത്ര വെള്ളമുണ്ടെന്ന് കണക്കാക്കാന്‍ പോലും അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല
തലസ്ഥാന നഗരത്തില്‍ ആകെ രണ്ടര ലക്ഷം വാട്ടര്‍ കണക്ഷനുണ്ട്. പ്രതിദിനാവശ്യം 300 ദശലക്ഷം ലിറ്റര്‍ വെള്ളമാണ്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറ് വരെ പമ്പിംഗ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 200 മുതല്‍ 225 ദശലക്ഷം ലിറ്റര്‍ വരെയായി വെള്ളം വരവ് കുറഞ്ഞെന്ന് മാത്രമല്ല ഉള്ള വെള്ളം എല്ലായിടത്തും ഒരു പോലെ വിതരണത്തിനെത്തിക്കാനും കഴിയുന്നില്ല . 50 ഇടങ്ങളിലെങ്കിലും വെള്ളമെത്തുന്നില്ലെന്ന് വിലയിരുത്തിയ വാട്ടര്‍ അതോറിറ്റിയോട് പകരം സംവിധാനമെന്തെന്ന് ചോദിച്ചാല്‍ കിയോസ്കുകള്‍ വക്കാമെന്ന ഒഴുക്കന്‍ മറുപടി മാത്രം. സ്വകാര്യ ടാങ്കറില്‍ ചോദിക്കുന്ന പണം കൊടുത്ത് വെള്ളമെടുക്കേണ്ട ഗതികേടിലാണ് ജനം
പ്രധാന ജലസംഭരണിയായ പേപ്പാറ ഡാമിലെ ജലനിരപ്പ് 91 മീറ്ററാണ്. പമ്പ് ചെയ്യാവുന്ന പരമാവധി ജലനിരപ്പ് 86 മീറ്ററും. നിയന്ത്രണം കഴിഞ്ഞ് പ്രതിദിനം 200 മില്യന്‍ ലിറ്റര്‍ ഉപയോഗിച്ചാല്‍ തന്നെ അവശേഷിക്കുന്നത് 25 ദിവസത്തേക്ക് തികയില്ല. ഡാമില്‍ നിന്ന് വെള്ളം കൊണ്ടുവരാന്‍ തിരക്കിട്ട ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ജലസേചന വകുപ്പും വാട്ടര്‍ അതോറിറ്റിയും സഹകരിച്ചാണ് പദ്ധതി. നെയ്യാര്‍ ഡാമില്‍ നിന്ന് കാപ്പുകാട് വഴി ഒന്നര കിലോമീറ്റര്‍ പൈപ്പിട്ട് കുമ്പിള്‍മൂട് തോട്ടലെത്തിക്കുന്ന വെള്ളം അരുവിക്കരയിലേക്ക് ഒഴുക്കും. അഞ്ച് കോടിയോളം ചെലവ് കണക്കാക്കിയ പദ്ധതി വഴി പ്രതിദിനം പ്രതീക്ഷിക്കുന്നത് 100 ദശലക്ഷം ലിറ്ററാണ് ഇത്രയും വെള്ളം പമ്പ് ചെ്യുന്നതിനുള്ള സംവിധാനത്തെക്കുറിച്ചോ തോട് വഴി ഒഴുക്കിക്കൊണ്ട് പോകുന്നതിലെ പ്രായോഗികതയെ കുറിച്ചോ വ്യക്തതയില്ല . മണ്ണടിഞ്ഞ് കിടക്കുന്ന അണക്കെട്ടില്‍ 13 മില്യന്‍ മീറ്റര്‍ ക്യൂബ് വെള്ളം ഉണ്ടായേക്കുമെന്ന ഏകദേശ കണക്ക് മാത്രമാണ് ജലസേചന വകുപ്പിനുള്ളത്. ഫലത്തില്‍ ഇടവപ്പാതി നേരത്തെ എത്തിയില്ലെങ്കില്‍ തലസ്ഥാനത്തെ ജനജീവിതെ ബുദ്ധിമുട്ടിലാവും.
