തിരുവനന്തപുരം: പീഡനക്കേസില്‍ അറസ്റ്റിലായ എം.വിന്‍സെന്റ് എം.എല്‍.എ രാജിവയ്‌ക്കണമെന്ന് കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഇപ്പോള്‍ രാജിവയ്‌ക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നേതൃതലത്തിലെ ധാരണ. അറസ്റ്റ് രാഷ്‌ട്രീയപ്രേരിതമെന്ന് കെ.പി.സി.സി പ്രസിഡന്റ് എംഎം ഹസനും അസാധരണ സംഭവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. അതേസമയം, വിന്‍സെന്റ് രാജിവയ്‌ക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണയും ഷാനിമോള്‍ ഉസ്മാനും ആവശ്യപ്പെട്ടു .

പീഡനക്കേസില്‍ എം.വിന്‍സെന്റ് അറസ്റ്റിലാകും മുമ്പ് തന്നെ കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ എം.എല്‍.എയുടെ രാജി പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ധാര്‍മികതയുടെ പേരില്‍ രാജി വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. അതേസമയം, തിടുക്കപ്പെട്ടുള്ള അറസ്റ്റിന് പിന്നില്‍ ഭരണപക്ഷത്തിന്റെ രാഷ്‌ട്രീയം മാത്രമെന്ന അഭിപ്രായമാണ് സംസ്ഥാന കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ക്കുള്ളത്.

രാജിവയ്‌ക്കേണ്ടതില്ലെന്നാണ് നേതൃതലത്തിലെ ധാരണ. സമാനമായ ആരോപണം നേരിട്ടപ്പോള്‍ എ.കെ ശശീന്ദ്രന്‍, ജോസ് തെറ്റയില്‍ എന്നിവര്‍ എം.എല്‍.എ സ്ഥാനം രാജിവച്ചില്ലല്ലോ എന്ന ചോദ്യമാണ് അവര്‍ ഉന്നയിക്കുന്നത്. അറസ്റ്റിനെ രാഷ്‌ട്രീയമായി നേരിടാനൊരുങ്ങുകയാണ് പ്രതിപക്ഷം.നിയമപരമായി പൊലീസ് നടപടിയെ നേരിടാനും നേതൃതലത്തില്‍ ധാരണയായി.

അതേസമയം, വിന്‍സെന്റ് രാജിവയ്‌ക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. എം.എല്‍.എ സ്ഥാനം രാജിവയ്‌ക്കാത്തത് ജനാധിപത്യത്തിന് അപമാനമെന്നായിരുന്നു പി.കെ ശ്രീമതി എംപിയുടെ പ്രതികരണം. എം.എല്‍.എ ഹോസ്റ്റലിലേയ്‌ക്ക് പ്രകടനം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വിന്‍സെന്റിന്റെ കോലം കത്തിച്ചു.