അൽ ജസീറ ഫുട്ബോൾ ക്ലബ് എന്ന പേരിൽ ഫേസ്ബുക്ക് പേജിലൂടെയാണ് ഫുട്ബോൾ പരിശീലനത്തിന് താൽപര്യമുള്ള ആൺകുട്ടികളെ പ്രതി വലയിലാക്കിയത്.

കണ്ണൂര്‍: കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിനിരയാക്കിയ കോഴിക്കോട് സ്വദേശി പിടിയിൽ. ഒളവണ്ണ സ്വദേശി ഫസൽ റഹ്മാനെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയതത്. നൂറിലധികം പീഡന ദൃശ്യങ്ങൾ ഇയാളുടെ പക്കൽ നിന്നും പൊലീസ് കണ്ടെടുത്തു.

അൽ ജസീറ ഫുട്ബോൾ ക്ലബ് എന്ന പേരിൽ ഫേസ്ബുക്ക് പേജിലൂടെയാണ് ഫുട്ബോൾ പരിശീലനത്തിന് താൽപര്യമുള്ള ആൺകുട്ടികളെ പ്രതി വലയിലാക്കിയത്. കുട്ടികൾക്ക് കണ്ണൂരിലുള്ള ഒരു ഫുട്ബോൾ ഗ്രൗണ്ടിൽ ഇയാൾ പരിശീലനവും നൽകി. പരിശീലനത്തിനെത്തുന്ന കുട്ടികളെ വാടക മുറിയിൽ എത്തിച്ച് പീഡിപ്പിക്കുകയും ചിത്രങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തതായാണ് പരാതി. ചൈൽഡ് ലൈൻ പ്രവർത്തകർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഫസൽ റഫ്മാനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി.

പതിനഞ്ചോളം കുട്ടികളെ പ്രതി ലൈംഗികമായി പീഡിപ്പിച്ചതായി ചോദ്യം ചെയ്യലില്‍ നിന്നും പെന്‍ ഡ്രൈവ് പരിശോധിച്ചതില്‍ നിന്നും മനസിലായതായി കണ്ണൂര്‍ ടൗണ്‍ പൊലീസ് എസ്ഐ ശ്രീജിത്ത് കൊടേരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നൂറിലധികം പീഡന ദൃശ്യങ്ങൾ ഇയാളുടെ കൈവശമുണ്ടായിരുന്ന പെൻഡ്രൈവിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ അപ്‍ലോഡ് ചെയ്തിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.