ദില്ലി: ബി.ജെ.പിയുമായി കൈകോര്‍ത്ത നിതീഷ് കുമാറിന് മറുപടിയായി ശരത് യാദവിന്റെ കണ്‍വെന്‍ഷന്‍ ഇന്ന് ദില്ലിയില്‍. 16 പ്രതിപക്ഷ പാര്‍ട്ടികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. മതേതര ഇന്ത്യയുടെ ഐക്യം എന്ന മുദ്രാവാക്യവുമായാണ് സമ്മേളനമെങ്കിലും ദേശീയ രാഷ്‌ട്രീയത്തില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ് ശരത് യാദവ് ലക്ഷ്യമിടുന്നത്

ബി.ജെ.പി കൂട്ടുകെട്ടിന്റെ പേരില് നിതീഷ് കുമാറുമായി ഇടഞ്ഞതോടെ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് ശരത് യാദവ്. ജനതാദള്‍ യുണൈറ്റ് പാര്‍ട്ടിയില്‍ 14 സംസ്ഥാന ഘടകങ്ങളുടെ പിന്തുണയുണ്ടെന്ന് ശരത് യാദവ് അവകാശപ്പെടുന്നുണ്ടെങ്കിലും വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പരസ്യ പിന്തുണയുമായി രംഗത്ത് വന്നത്. 12 പാര്‍ലമെന്‍റ് അംഗങ്ങളില്‍ പിന്തുണയ്‌ക്കുന്നത് രണ്ട് രാജ്യസഭാ അംഗങ്ങള്‍ മാത്രം. അതുകൊണ്ട് തന്നെ പുതിയ പാര്‍ട്ടി ഉണ്ടാക്കുക അത്ര എളുപ്പമല്ല. യഥാര്‍ഥ ജെ.ഡി.യു തന്റേതാവും എന്ന് അവകാശപ്പെടുന്ന ശരദ് യാദവിന് എന്നാല്‍ ഇത് തെളിയിക്കാന്‍ വലിയ നിയമപോരാട്ടം വേണ്ടി വരും. ജനവികാരം അറിയാന്‍ ബീഹാറില്‍ മൂന്ന് ദിവസത്തെ സംവാദ് യാത്ര നടത്തിയെങ്കിലും കാര്യമായ ഫലം കണ്ടില്ല. ഈ സാഹചര്യത്തിലാണ് മതേതര കക്ഷികളുടെ കൂട്ടായ്മ എന്ന നിലയില്‍ ദില്ലിയില്‍ ശരത് യാദവ് മുന്‍കൈ എടുത്ത് കണ്‍വെന്‍ഷന് വിളിച്ച് ചേര്‍ത്തിരിക്കുന്നത്. 

എന്നാല്‍ കണ്‍വെന്‍ഷന്‍ പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യങ്ങളില്ലെന്നാണ് ശരത് യാദവ് അവകാശപ്പെടുന്നത്. ഇത് ഇന്നെടുത്ത ഒരു തീരുമാനമല്ലെന്നും ഇന്ത്യയുടെ വൈവിധ്യം സംരക്ഷിക്കാനുള്ള പോരാട്ടം നേരത്തെ തുടങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു. 16 രാഷ്‌ട്രീയ കക്ഷികളെ കണ്‍വെന്‍ഷന് ക്ഷണിച്ചിട്ടുണ്ടെങ്കിലും ആരൊക്കെ പങ്കെടുക്കുമെന്ന് വെളിപ്പെടുത്താന്‍ ശരത് യാദവ് പക്ഷം തയ്യാറായല്ല. ഇതിനിടെ എന്‍.ഡി.എയില്‍ സഖ്യകക്ഷിയാകുന്നത് പ്രഖ്യാപിക്കാന്‍ നിതീഷ് കുമാര്‍, ശനിയാഴ്ച പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതിയോഗവും വിളിച്ചിട്ടുണ്ട്.