പീഡനം കാരണം മകളെ നാട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ബന്ധം വേർപെടുത്താൻ തീരുമാനിച്ചിരുന്നതായും രാജശേഖരൻ പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

കൊല്ലം: മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഷാർജയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ അച്ഛൻ രാജശേഖരൻ പിളള. പീഡനം കാരണം മകളെ നാട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ബന്ധം വേർപെടുത്താൻ തീരുമാനിച്ചിരുന്നതായും രാജശേഖരൻ പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. കൌണ്‍സിലിംഗിന് ശേഷം ഒന്നിച്ച് പോകാൻ തീരുമാനിക്കുകയായിരുന്നു. ബന്ധം വേര്‍പെടുത്താൻ തീരുമാനിച്ചിരുന്നു. സതീഷ് സ്ഥിരം മദ്യപാനിയാണ്. 

സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി ഉപദ്രവിച്ചു. വിവാഹം കഴിഞ്ഞപ്പോൾ മുതൽ നിരന്തരം ഉപദ്രവിച്ചു. മകൾ വീട്ടിലേക്ക് മടങ്ങാൻ ആ​ഗ്രഹിച്ചെങ്കിലും സതീഷ് തടഞ്ഞുവെന്നും രാജശേഖരൻ പിള്ള വെളിപ്പെടുത്തി. മകളെക്കൊണ്ട് സതീഷ് ഷൂലേയ്സ് വരെ കെട്ടിച്ചു. മകളെ ഓര്‍ത്താണ് അതുല്യ എല്ലാം സഹിച്ചത്. പത്ത് വയസുള്ള മകളുണ്ട് അതുല്യയ്ക്ക്. കുട്ടി നാട്ടിൽ നിന്നാണ് പഠിക്കുന്നത്. അതുല്യയുടെ മരണ വിവരം മകളെ അറിയിച്ചിട്ടില്ലെന്നും അച്ഛൻ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമസ്തേ കേരളത്തിൽ തത്സമയം പ്രതികരിക്കുകയായിരുന്നു അതുല്യയുടെ അച്ഛൻ രാജശേഖരൻ പിള്ള. 

സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ ചവറ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഭർതൃപീഡനത്തെ തുടർന്നെന്ന ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അതുല്യയുടെ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തും. ക്രൂരതക്ക് തെളിവായി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

കൊല്ലം തേവലക്കര കോയിവിള സ്വദേശി അതുല്യയെയാണ് ഫ്ലാറ്റിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ യുവതി നേരിട്ട അതിക്രൂരമായ ഭ‍ർതൃപീഡനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കോയിവിള അതുല്യ ഭവനിൽ എസ്.രാജശേഖരൻ പിള്ളയുടെയും തുളസിഭായിയുടെയും മകളാണ് അതുല്യ. വെള്ളിയാഴ്ച അതുല്യയുടെ പിറന്നാളായിരുന്നു. പുതിയ ജോലിക്ക് കയറേണ്ട ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശി സതീഷിനെതിരെയാണ് ആരോപണം.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News