ബോട്ടില്‍ പോയ യുവാവിനെ പിന്തുടര്‍ന്ന് ആക്രമിച്ച് സ്രാവ്  യുവാവിന്റെ ശരീരത്തിന്റെ ഇടതു ഭാഗവും തുടകളും ആക്രമണത്തില്‍ തകര്‍ന്നു

ഹവായ്: പിതാവിനോടൊപ്പം അവധി ആഘോഷിക്കാനെത്തിയ യുവാവിന് സ്രാവിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. ബോട്ട് തകര്‍ത്ത സ്രാവ് യുവാവിനെ ആക്രമിച്ചു. വിനോദ സഞ്ചാരത്തിന് ഏറെ പ്രശസ്തമായ ഹവായ് ദ്വീപിലാണ് സ്രാവിന്റെ ആക്രമണം. അന്തരീക്ഷത്തിലേയ്ക്ക് തട്ടിത്തെറിപ്പിച്ച പെഡല്‍ ബോട്ടില്‍ നിന്ന് വെള്ളത്തിലേയ്ക്ക് വീണ യുവാവിന്റെ ശരീരത്തിന്റെ ഇടതു ഭാഗവും തുടകളും ആക്രമണത്തില്‍ തകര്‍ന്ന് മരണത്തോട് മല്ലിടുകയാണ്.

വെള്ളത്തിനടിയിലേയ്ക്ക് യുവാവിനെ വലിച്ചു കൊണ്ട് പോകാനുള്ള ശ്രമത്തിനിടയില്‍ കരയിലുണ്ടായിരുന്ന ആളുകളുടെ ഇടപെടലുകളാണ് യുവാവിനെ പാതി ജീവനോടെ രക്ഷപെടുത്തിയത്. 2015 ന് ശേഷം നടക്കുന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഇതെന്നാണ് അധികാരികള്‍ വിശദമാക്കുന്നത്. സ്രാവിന്റെ അക്രമണം ഉണ്ടാവാറുണ്ടെങ്കിലും ഇത്തരത്തില്‍ പിന്തുടര്‍ന്നുള്ള ആക്രമണം പതിവുള്ളതല്ലെന്നാണ് തീരദേശ ഉദ്ദ്യോഗസ്ഥര്‍ പറയുന്നത്.

ഹവായിലെ പ്രൈവറ്റ് ബീച്ചിലായിരുന്നു ആക്രമണം. പ്രൈവറ്റ് ബീച്ച് ആയിരുന്നത് കൊണ്ട് പരിക്കേറ്റയാള്‍ക്ക് പ്രാഥമിക ചികില്‍സ ഏര്‍പ്പെടുത്താന്‍ കാല ദൈര്‍ഘ്യം നേരിട്ടിരുന്നു. തീരത്ത് നിന്ന് 150 മീറ്റര്‍ ദൂരം മാത്രം അകലത്തിലായിരുന്നു സ്രാവിന്റെ ആക്രമണം. സ്രാവിന്റെ ആക്രമണത്തെ തുടര്‍ന്ന് ആളുകള്‍ കടലില്‍ ഇറങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.