തിംഫു : ചരിത്രത്തെ ബിജെപി തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ക്കനുസരിച്ച് ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യയില്‍ കോളനി വത്കരണം കൊണ്ടുവന്നത് ബ്രിട്ടീഷുകാരാണ്. എന്നാല്‍ മുസ്ലീം ഭരണാധികാരികളാണ് ഇന്ത്യയില്‍ കോളനിവല്‍ക്കരണം ആരംഭിച്ചതെന്ന് വരുത്തി തീര്‍ക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്നും ശശി തരൂര്‍ ആരോപിച്ചു. ഭൂട്ടാനിലെ മൗണ്ടന്‍ എക്കോസ് സാഹിത്യോല്‍സവത്തിലാണ് ബിജെപിയുടെ രാഷ്ട്രീയ അജന്‍ണ്ടകള്‍ക്കെതിരെ ശശി തരൂര്‍ തുറന്നടിച്ചത്. 

ബിജെപിയുടെ ചരിത്രത്തോടുള്ള പ്രതികരണം അയോധ്യയില്‍ കണ്ടതാണ്. ചരിത്രത്തെ വളച്ചൊടിച്ച് തങ്ങള്‍ക്ക് അനുകൂലമായ ആയുധമാക്കി മാറ്റി സാധരാണക്കാരായ ജനങ്ങളെ ദ്രോഹിക്കുകയാണ് ബിജെപി സര്‍ക്കാരെന്ന് ശശി തരൂര്‍ വിമര്‍ശിച്ചു.

1200 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെത്തി ഭരണം തുടങ്ങിയ മുസ്ലീം ഭരണാധികാരികളാണ് മോദിക്ക് വിദേശികള്‍. യഥാര്‍ത്ഥ വിദേശികളെ മോദി സൗകര്യപൂര്‍വ്വം മറക്കുകയാണ്. തന്നെ സംബന്ധിച്ചിടത്തോളം മുസ്ലീം ഭരണാധികാരികള്‍ വിദേശികളല്ല. ഇന്ത്യയിലെ സമ്പത്ത് ഇവിടെ തന്നെ ചിലവിട്ടവരാണ് അവര്‍. ബ്രിട്ടീഷുകാരെ പോലെ ഇവിടുത്തെ സമ്പത്ത് കൊള്ളയടിച്ച് അവര്‍ സ്വന്തം രാജ്യത്തേക്ക് കടത്തിയിട്ടില്ലെന്നും തരൂര്‍ പറഞ്ഞു.