നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ താൻ അതിജീവിതയ്ക്ക് ഒപ്പമാണെന്നും സർക്കാർ അപ്പീലിന് പോകുന്നതാണ് ശരിയെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ വോട്ട് ചെയ്യാനെത്തി ശശി തരൂർ. നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ താൻ അതിജീവിതയ്ക്ക് ഒപ്പമാണെന്നും സർക്കാർ അപ്പീലിന് പോകുന്നതാണ് ശരിയെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു. ഇതിൽ ന്യായത്തിന്റെ പക്ഷമാണ് പിടിക്കേണ്ടത്. ഏതെങ്കിലും ഒരു വശം പിടിക്കേണ്ടതില്ല. നീതി കിട്ടിയിട്ടില്ല എന്ന് നടിക്ക് തോന്നുന്നുണ്ടാകുമെന്നും നിയമനടപടികൾ നടക്കട്ടെയെന്നും തരൂർ കൂട്ടിച്ചേർത്തു. നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ നടൻ ദിലീപിന് പിന്തുണ അറിയിച്ചു കൊണ്ടുള്ള യുഡിഎഫ് കൺവീനറുടെ പരാമർശത്തിൽ, യുഡിഎഫ് കൺവീനർ പറഞ്ഞത് അദ്ദേഹത്തോട് ചോദിക്കൂ എന്നായിരുന്നു തരൂരിന്റെ മറുപടി. തന്റെ അഭിപ്രായം പറഞ്ഞു കഴിഞ്ഞുവെന്നും തരൂർ പറഞ്ഞു. ഞാൻ എന്തെങ്കിലും ചെയ്യുകയോ പറയുകയോ ചെയ്തിട്ടുണ്ടെങ്കിൽ എന്നോട് ചോദിക്കാമെന്നും മറ്റൊരാൾ പറഞ്ഞതിൽ എന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മഴ പെയ്യുമ്പോൾ നഗരത്തിൽ വെള്ളം നിറയുന്നുവെന്നും തിരുവനന്തപുരത്തിന്റെ സ്ഥിതിയിൽ മാറ്റം വേണമെന്നും ശശി തരൂർ പറഞ്ഞു. കോൺഗ്രസ് അധ്വാനിച്ചതിന് ഫലം ഉണ്ടാകും. ഇത്തവണ യുഡിഎഫിന് നല്ല സാധ്യതയുണ്ടെന്നും തരൂർ പറഞ്ഞു.

