താന്‍ എതിര്‍ക്കുന്നത് വണ്‍മാന്‍ ഷോയെയും ടു മെന്‍ ആര്‍മിയെയുമാണെന്ന് ശത്രുഘ്നന്‍ സിന്‍ഹ തിരുവനന്തപുരത്ത് പറഞ്ഞു
തിരുവനന്തപുരം: മോദിയെയും അമിത് ഷായയെയും വിമര്‍ശിച്ച് ബി ജെ പി നേതാവും എംപിയുമായ ശത്രുഘ്നന്‍ സിന്‍ഹ. നോട്ട് നിരോധനം തുഗ്ലക് പരിഷ്കരണമാണെന്ന് ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു. നോട്ട് നിരോധനത്തിനും ജിഎസ്ടിയ്ക്കുമെതിരായ ശക്തമായി രംഗത്തെത്തിയ നേതാവാണ് ശത്രുഘ്നന്‍ സിന്‍ഹ.
ചായക്കടക്കാരൻ അല്ലാത്ത ചായക്കട കാരന് പ്രധാനമന്ത്രിയാകാമെങ്കിൽ തനിക്ക് എന്തുകൊണ്ട് നോട്ടു നിരോധത്തെ കുറിച്ച് പറഞ്ഞു കൂടാ എന്നും ശത്രുഘ്നന്‍ സിന്‍ഹ ചോദിച്ചു. അതേസമയം താന്‍ എതിര്‍ക്കുന്നത് വണ്‍മാന്‍ ഷോയെയും ടു മെന്‍ ആര്‍മിയെയുമാണെന്നും മോദിയുടെയും അമിത് ഷായുടെയും പേര് പരാമര്‍ശിക്കാതെ സിന്‍ഹ പറഞ്ഞു.
കോണ്‍ഗ്രസ് എം പി ശശി തരൂരിന്‍റെ പുതിയ പുസ്തകമായ 'പാരഡോക്സിക്കല്‍ പ്രൈംമിനിസ്റ്റര്‍' പ്രകാശന ചടങ്ങിന് തിരുവനന്തപുരത്ത് എത്തിയതായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി എം പി, കെ മുരളീധരന്‍ എം എല്‍ എ, തുടങ്ങിയവരും പുസ്തക പ്രകാശന ചടങ്ങിന് എത്തിയിരുന്നു.
