പാലാ ബിഷപ്പിനെ താൻ പിതാവിനേക്കാൾ ബഹുമാനിക്കുന്നുവെന്നും പക്ഷേ ബിഷപ്പ് പരസ്യമായ നിലപാട് സ്വീകരിക്കണമെന്നും ഷോൺ അഭിപ്രായപ്പെട്ടു.

കോട്ടയം: പണ്ടത്തെ പ്രസം​ഗം മറക്കരുതെന്നും അന്ന് ഒപ്പം നിന്നത് ബിജെപി മാത്രമാണെന്നും പാലാ ബിഷപ്പിന് മറുപടി നൽകി ഷോൺ ജോർജ്. എഫ്സിആർഎ ഭേദ​ഗതി കൊണ്ടുവന്നത് കോൺ​ഗ്രസാണ്. അന്ന് കോൺ​ഗ്രസ് നേതാക്കൾ എവിടെ ആയിരുന്നുവെന്നും ഷോൺ ചോദിച്ചു. ദീപിക പത്രത്തെ നിയന്ത്രിക്കുന്നത് കോൺ​ഗ്രസാണെന്നും പത്രത്തിനെതിരായ നിലപാടിൽ പിന്നോട്ടില്ലെന്നും ഷോൺ വ്യക്തമാക്കി. പാലാ ബിഷപ്പിൻ്റെ പ്രസ്താവനയിൽ, പാലാ ബിഷപ്പിനെ താൻ പിതാവിനേക്കാൾ ബഹുമാനിക്കുന്നുവെന്നും പക്ഷേ ബിഷപ്പ് പരസ്യമായ നിലപാട് സ്വീകരിക്കണമെന്നും ഷോൺ അഭിപ്രായപ്പെട്ടു.

പരസ്യനിലപാട് സ്വീകരിക്കുമ്പോൾ കോൺഗ്രസ് സഭക്ക് എന്ത് ചെയ്തു എന്നതുകൂടി പരിശോധിക്കണം. ലവ് ജിഹാദ് വിഷയത്തിൽ പിതാവിനെതിരെ ആക്രമണം നടന്നപ്പോഴും പ്രതിരോധിക്കാൻ പി. സി. ജോർജാണ് ഉണ്ടായിരുന്നത്. ക്രൈസ്തവ സഭ യേശുക്രിസ്തുവിൻ്റെ തിരുശരീരമാണ്. അതിൽ പുഴുക്കുത്തുകൾ ഉണ്ടായാൽ അതിനെ എതിർക്കാൻ പിതാക്കൻമാരെ പോലെ തന്നെ തനിക്കും ബാധ്യതയുണ്ട്. 

ദീപിക പത്രത്തെ നിയന്ത്രിക്കുന്നത് കോൺഗ്രസും കെ.സി. വേണുഗോപാലുമാണെന്ന് ഷോൺ പറഞ്ഞു. ദീപിക പത്രത്തിനെതിരെ എടുത്ത നിലപാടിൽ നിന്ന് ഒരിഞ്ചു പോലും പിന്നോട്ട് പോകില്ല. കർണാടക, തെലങ്കാന സർക്കാരുകളുടെ പരസ്യം വാങ്ങി ദീപികയെ വിൽക്കാൻ ശ്രമിക്കുന്നു. ബിജെപി നേതാവായല്ല ക്രൈസ്തവ സഭാംഗം എന്ന നിലയിലാണ് താൻ എതിർപ്പറിയിക്കുന്നത്. കല്ലറങ്ങാട് അടക്കം സഭ നേതാക്കൻമാരെ നേരിട്ട് കാണുമെന്നും ഷോൺ ജോർജ് വ്യക്തമാക്കി.

കല്ലറങ്ങാട്ട് പിതാവിനെ ആക്രമിക്കാൻ SDPIക്കാർ വന്നപ്പോൾ കോൺഗ്രസിൻ്റെ ഈ സ്നേഹം കണ്ടില്ലല്ലോ?:ഷോൺ ജോർജ്