പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ യുഎഇ, എല്ലാ വിഭാഗങ്ങളും ആത്മസംയമനം പാലിച്ച് ചർച്ചകളിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടു. സിവിലിയൻ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച രാജ്യം, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ തേടി.
അബുദാബി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി യുഎഇ. മേഖലയിലെ സംഘർഷങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും കൂടുതൽ അസ്ഥിരതയിലേക്കും യുദ്ധാവസ്ഥയിലേക്കും നയിക്കുന്ന നീക്കങ്ങളിൽ നിന്ന് എല്ലാ വിഭാഗങ്ങളും പിന്മാറണമെന്നും യുഎഇ ഔദ്യോഗികമായി ആഹ്വാനം ചെയ്തു.
അപകടകരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാനും പശ്ചിമേഷ്യ വീണ്ടുമൊരു അക്രമ പരമ്പരയിലേക്ക് വീണുപോകാതിരിക്കാനും എല്ലാ കക്ഷികളും പരമാവധി ആത്മസംയമനം പാലിക്കണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. മേഖലയിലെ ശത്രുതാപരമായ നീക്കങ്ങൾ അടിയന്തരമായി അവസാനിപ്പിച്ച് എത്രയും വേഗം ചർച്ചകളിലേക്ക് മടങ്ങിവരണമെന്ന് യുഎഇ ആവശ്യപ്പെട്ടു. ആഗോള സമ്പദ്‌വ്യവസ്ഥയുടെ ജീവനനാഡിയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം യാതൊരുവിധ തടസ്സങ്ങളുമില്ലാതെ സുരക്ഷിതമായി ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും രാജ്യം ആവർത്തിച്ചു. അന്താരാഷ്ട്ര വ്യാപാരത്തെ ബാധിക്കുന്ന സമുദ്രപാതകളിലെ അക്രമങ്ങൾ ഒട്ടും അംഗീകരിക്കാനാവില്ലെന്നും യുഎഇ വ്യക്തമാക്കി.
സ്കൂളുകൾ, സർവ്വകലാശാലകൾ, ആശുപത്രികൾ, കുടിവെള്ള വിതരണ പ്ലാന്റുകൾ, ഊർജ്ജ നിലയങ്ങൾ, ഗതാഗത സംവിധാനങ്ങൾ, ജനവാസ മേഖലകൾ തുടങ്ങിയ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ യുഎഇ ശക്തമായി അപലപിച്ചു. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും തത്വങ്ങളുടെയും നഗ്നവും ഗുരുതരവുമായ ലംഘനമാണ്. യാതൊരു സാഹചര്യത്തിലും ഇത്തരം നടപടികളെ അംഗീകരിക്കാനോ ന്യായീകരിക്കാനോ കഴിയില്ലെന്ന് രാജ്യം ആവർത്തിച്ചു. മേഖലയിൽ ദീർഘകാല സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും യുഎഇ വ്യക്തമാക്കി.


