ജിദ്ദ: സൗദിയില്‍ ഒളിച്ചോടുകയോ പ്രയാസമനുഭാവിക്കുകയോ ചെയ്യുന്ന വീട്ടുവേലക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയത്തിനു കീഴില്‍ അഭയകേന്ദ്രം ഒരുക്കും. വിമാനത്താവളങ്ങളില്‍ സ്‌പോണ്‍സര്‍ സ്വീകരിക്കാന്‍ എത്തിയില്ലെങ്കില്‍ വീട്ടുവേലക്കാരെ തൊഴില്‍ മന്ത്രാലയം ഏറ്റെടുക്കും. ഒളിച്ചോടുകയോ പീഡനമനുഭാവിക്കുകയോ വഞ്ചിക്കപ്പെടുകയോ ചെയ്യുന്ന വീട്ടുവേലക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് സൗദി മന്ത്രിസഭയുടെ തീരുമാനം.
സ്‌പോണ്‍സറുമായുള്ള പ്രശ്നങ്ങളുടെ പേരില്‍ ഒളിച്ചോടുന്ന വേലക്കാര്‍ക്ക് അഭയം നല്‍കേണ്ട ചുമതല സൗദി തൊഴില്‍ മന്ത്രാലയത്തിനാണ്. അവകാശപ്പെട്ട ശമ്പളവും മറ്റു ആനുകൂല്യങ്ങളും തൊഴിലുടമയില്‍ നിന്നും മന്ത്രാലയം ഇടപെട്ട് വാങ്ങി നല്‍കണം. വീട്ടുവേലക്കാര്‍ സൗദിയില്‍ എത്തുമ്പോള്‍ അവരെ സ്വീകരിക്കാന്‍ വിമാനത്താവളങ്ങളില്‍ സ്പോണ്‍സര്‍ എത്തിയില്ലെങ്കില്‍ ആ വേലക്കാരെ തൊഴില്‍ മന്ത്രാലയം ഏറ്റെടുക്കണം. ആഭ്യന്തര മന്ത്രാലയമോ പാസ്‌പോര്‍ട്ട് വിഭാഗമോ ഈ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത്തില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സൗദി മന്ത്രിസഭ വ്യക്തമാക്കി.
നിലവില്‍ പാസ്‌പോര്‍ട്ട് വിഭാഗമാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നത്. ഇതു സംബന്ധമായി ആഭ്യന്തര മന്ത്രാലയം നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭയുടെ പുതിയ തീരുമാനം. വീട്ടുവേലക്കാര്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും അവയ്‌ക്കുള്ള പരിഹാര മാര്‍ഗങ്ങളെ കുറിച്ചും പഠിക്കാന്‍ നേരത്തെ ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കിയിരുന്നു. തൊഴില്‍ മന്ത്രാലയത്തിനു കീഴില്‍ വേലക്കാര്‍ക്കുള്ള അഭയ കേന്ദ്രങ്ങള്‍ സജ്ജമാക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. തൊഴില്‍ മന്ത്രാലയത്തിലെയും സാമൂഹികകാര്യ വിഭാഗത്തിലെയും ഉന്നത ഉദ്യോഗസ്ഥര്‍ സമിതിയില്‍ അംഗങ്ങള്‍ ആയിരിക്കും.
