ദില്ലി: സഹാറയില്‍ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി കൈക്കൂലി വാങ്ങിയെന്ന ആരോപണം കോണ്‍ഗ്രസിന് തന്നെ തിരിച്ചടിയാകുന്നു. കൈക്കൂലി നല്‍കിയ മുഖ്യമന്ത്രിമാരുടെ കൂട്ടത്തില്‍ ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത്തിന്റെ പേരും ഉള്‍പ്പെട്ടതാണ് പുതിയ വിവാദം. സഹാറ ഡയറിയ്ക്ക് എന്ത് വിശ്വാസ്യതയാണുള്ളതെന്ന് ഷീല ദീക്ഷിത് ചോദിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ സഹാറയില്‍ നിന്നും നരേന്ദ്രമോദി നാല്‍പ്പത് കോടി കൈക്കൂലിയായി വാങ്ങിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമ്പോഴാണ് പാര്‍ട്ടിയെ വെട്ടിലാക്കി പുതിയ വിവാദം. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പ്രസിദ്ധീകരിച്ച സഹാറ ഡയറിയിലെ ഒരു പേജിലാണ് 2013 സെപ്തംബര്‍ 23ന് ദില്ലി മുഖ്യമന്ത്രിക്ക് ഒരു കോടി നല്‍കിയെന്ന പരാമര്‍ശമുള്ളത്. ആ സമയത്ത് ദില്ലി മുഖ്യമന്ത്രിയായിരുന്നത് ഷീലാ ദീക്ഷിത്തായിരുന്നു. സഹാറാ ഡയറിക്ക് വിശ്വാസ്യതയില്ലെന്നും ഇക്കാര്യം കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഷീലാ ദീക്ഷിത് പ്രതികരിച്ചു.

ഡയറിക്ക് വിശ്വാസ്യതയില്ലെന്ന് പരസ്യമായി കോണ്‍ഗ്രസ് സമ്മതിച്ചാല്‍ പ്രധാനമന്ത്രിക്കെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന്റെ മുനയും ഒടിയും. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ നരേന്ദ്രമോദിക്കെതിരെ കൂട്ടായ്മ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. പ്രതിപക്ഷത്തെ എല്ലാ പാര്‍ട്ടികളേയും സംയുക്ത വാര്‍ത്താ സമ്മേളനത്തിന് ചൊവ്വാഴ്ച്ച സോണിയാ ഗാന്ധി ക്ഷണിച്ചു.