അപകടമുണ്ടാക്കായെന്ന്  കരുതുന്ന മൂന്ന് കപ്പലുകൾ മുംബൈ, മംഗലാപുരം തീരത്തേക്ക് അടുപ്പിച്ചു. ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ കപ്പൽ പരിശോധിക്കാനായി കോസ്റ്റൽ പൊലീസ് അടുത്ത ദിവസം അവിടേക്ക് പോകും. 

കൊച്ചി: പുറങ്കടലിൽ ബോട്ടിൽ കപ്പലിടിച്ച് കാണാതായ ഒൻപത് മൽസ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല. നാവികസേനയും കോസ്റ്റ് ഗാ‍ർഡും മറൈൻ എൻഫോഴ്സ്മെന്‍റും ചേർന്നാണ് കൊച്ചി പുറങ്കടലിൽ രണ്ടാം ദിവസവും തിരച്ചിൽ നടത്തിയത്. മൽസ്യത്തൊഴിലാളികളും തിരച്ചിലില്‍ പങ്കെടുത്തു. തിരച്ചിൽ നാളെയും തുടരും. അപകടമുണ്ടാക്കായെന്ന് കരുതുന്ന മൂന്ന് കപ്പലുകൾ മുംബൈ, മംഗലാപുരം തീരത്തേക്ക് അടുപ്പിച്ചു. ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ കപ്പൽ പരിശോധിക്കാനായി കോസ്റ്റൽ പൊലീസ് അടുത്ത ദിവസം അവിടേക്ക് പോകും.

കടലിൽ മുങ്ങിത്താണ ബോട്ടിന്‍റെ അവശിഷ്ടങ്ങൾ നാവിക സേന കണ്ടെടുത്തിട്ടുണ്ട്. പറവൂർ മാലങ്കര സ്വദേശി അടക്കമുളള മൽസ്യത്തൊഴിലാളികളെക്കുറിച്ച് സൂചനകളില്ല. കടലിന്‍റെയും കാറ്റിന്‍റെയും ഗതി കണക്കിലെടുത്ത് കേരളത്തിന്‍റെ വടക്കൻ ജില്ലകളിലെ തീരഭാഗങ്ങളിലും കോസ്റ്റൽ പൊലീസ് പരിശോധന നടത്തി. പുറങ്കടലിൽ തുടരുന്ന നാവികസേനയുടെ കപ്പലുകൾ രാത്രിയിലും തെരച്ചിൽ തുടരും. 
ഇതിനിടെ അപകടമുണ്ടാക്കിയെന്ന് കരുതുന്ന കേന്ദ്ര ഷിപ്പിങ് കോർപറേഷന്‍റെ ഉടമസ്ഥതയിലുളള എംവി ദേശ് ശക്തി എന്ന കപ്പൽ മംഗലാപുരം തീരത്തേക്ക് അടുപ്പിച്ചു. 

തുറമുഖത്തുനിന്ന് ഒന്നരനോട്ടിക്കൾ മൈൽ മാറിയാണ് കപ്പൽ നങ്കുരമിട്ടിരിക്കുന്നത്. ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ കപ്പൽ പരിശോധിക്കാനായി കോസ്റ്റൽ പൊലീസ് അടുത്ത ദിവസം അവിടേക്ക് പോകും. അപകടസമയം ഇതേ കടൽഭാഗത്തുണ്ടായിരുന്ന മറ്റ് രണ്ട് കപ്പലുകൾ കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്‍റെ നി‍ർദേശത്തെത്തുടർന്ന് മുംബൈ തീരത്ത് അടുപ്പിച്ചിട്ടുണ്ട്. തങ്ങളുടെ കപ്പൽ ബോട്ടിലിടിച്ചിട്ടില്ലെന്നാണ് എം വി ദേശശക്തി കപ്പലിന്‍റെ ക്യാപ്ടൻ നാവികസേനയെ അറിയിച്ചത്.