സഖ്യസാധ്യതകൾ തള്ളി ശിവസേന തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മല്‍സരിക്കും മുന്നണിവിടുന്ന കാര്യം പാൽഘർ തെരഞ്ഞെടുപ്പിന് ശേഷം

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയുമായി ഇനി സഖ്യത്തിനില്ലെന്ന് ശിവസേന നേതാവ് അനിൽ ദേശായി. വരുന്ന തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മല്‍സരിക്കും. കോണ്‍ഗ്രസ് എന്‍.സി.പി സഖ്യം ശിവസേനയ്ക്ക് വെല്ലുവിളിയാകില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു . ബിജെപിയുമായി ഇനി മുന്നണിയായി ഒത്തുപോകില്ല, ഉടൻ തന്നെ ഈക്കാര്യത്തിൽ തീരുമാനം എടുക്കും. സംസ്ഥാനത്ത് എന്തു മാറ്റം ഉണ്ടായാലും ശിവസേന തന്നെ നേട്ടം കൈവരിക്കുമെന്നും അനിൽ ദേശായി വ്യക്തമാക്കി

പാൽഘര്‍ ഉപതെരഞ്ഞെടുപ്പില്‍ പരസ്പരം ഏറ്റുമുട്ടുമ്പോഴും ശിവസേനയുമായുള്ള സഖ്യം നിലനിര്‍ത്താൻ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. പക്ഷേ ബി.ജെ.പിയുമായി ഇനി സഖ്യത്തിനില്ലെന്ന് തന്നെയാണ് ശിവസേനയുടെ നിലപാട്. പാല്‍ഘര്‍ ഉപതിരഞ്ഞെടുപ്പിന് ശേഷം എന്‍.ഡി.എ വിടുന്ന കാര്യം തീരുമാനിക്കും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ശിവസേന മികച്ച വിജയം നേടും. പാല്‍ഘര്‍ മുന്‍ എം.പി ചിന്താമൻ വൻഗയുടെ കുടുംബത്തോട് ബിജെപി കാണിച്ച അവഗണക്ക് മണ്ഡലത്തിൽ വോട്ടര്‍മാര്‍ മറുപടി പറയുമെന്നും അനിൽ ദേശായി പറഞ്ഞു. വന്‍ഗെയുടെ മകനാണ് പാല്‍ഘറിലെ ശിവസേന സ്ഥാനാര്‍ഥി.