കണ്ണൂര്‍: ഷുഹൈബ് വധത്തിൽ അറസ്റ്റിലായത് യഥാർത്ഥ പ്രതികൾ തന്നെയെന്നും, ഇവരെ റെയ്ഡ് ചെയ്ത് പിടിച്ചതെന്നും വ്യക്തമാക്കി ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാൻ. പ്രതികൾ സിപിഎം പ്രവർത്തകരാണ്. കേസിൽ കോൺഗ്രസിന് രാഷ്ട്രീയ താൽപ്പര്യം സ്വാഭാവികം. പൊലീസിൽ ആശയക്കുഴപ്പമില്ലെന്നും നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിൽ ശുഐബിനെ രക്ഷിക്കാമായിരുന്നുവെന്നും രാജേഷ് ദിവാൻ കണ്ണൂരിൽ പറഞ്ഞു.
സർക്കാരും സിപിഎമ്മും പ്രതിരോധത്തിലായ കേസിൽ, താനെന്തിന് മാധ്യമങ്ങൾക്ക് മുന്നിലെത്തിയെന്ന് പലതവണ ആവർത്തിച്ച് വിശദീകരിച്ചാണ് രാജേഷ് ദിവാൻ സംസാരിച്ചത്. എസ്.പിയെ ഒരു വശത്ത് ഇരുത്തി, അന്വേഷണത്തിൽ ആശയക്കുഴപ്പങ്ങളില്ലെന്ന് വിശദീകരണം. പിടിയിലായത് ഡമ്മി പ്രതികളെന്ന ആരോപണത്തിന് മറുപടി നല്‍കിയത്.
ഷുഹൈബിനെതിരായ ആക്രമണം പാർട്ടി പ്രദേശിക നേതൃത്വത്തിന് അറിയാമായിരുന്നുവെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു. എന്നാൽ ഇതടക്കം ഗൂഢാലോചനയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് തണുപ്പന്‍ പ്രതികരണമാണ് ഡിജിപി നടത്തിയത്. സിബിഐ അന്വേഷണമെന്ന കുടുംബത്തിന്‍റെ ആവശ്യത്തോട് എതിർപ്പില്ലെന്നും വ്യക്തമാക്കി.
കണ്ണൂരിൽ നിലവിലെ സംഘർഷങ്ങൾ കൊലപാതകത്തിലെത്തുന്നത് തടയാൻ പരിമിതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേസിന്‍റെ വസ്തുതകളിൽ കോടതിക്ക് മുന്നിൽ മാത്രമാണ് ബാധ്യതയെന്ന് വ്യക്തമാക്കിയ ഡിജിപി, രാഷ്ട്രീയ സമ്മർദമില്ലെന്ന് പലതവണ ആവർത്തിക്കാൻ ശ്രദ്ധിച്ചു.
