സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ബുഖാരി ആവശ്യപ്പെട്ടു നഷ്ടപ്പെട്ടത് മികച്ച മാധ്യമപ്രവർത്തകനെയാണ്
കാശ്മീർ: കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തനിക്ക് സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കണമെന്ന് മാധ്യമപ്രവർത്തകൻ ഷുജാത്ത് ബുഖാരി ആവശ്യപ്പെട്ടിരുന്നതായി സ്പെഷൽ ഇന്റലിജൻസ് ബ്യൂറോ സ്പെഷൽ മുൻ ഡയറക്ടർ എ. എസ്. ദുലത്ത്. കഴിഞ്ഞയാഴ്ചയാണ് ശ്രീനഗറിലെ ഓഫീസിന് മുന്നിൽ വച്ച് മുതിർന്ന മാധ്യമപ്രവർത്തകനും റൈസിംഗ് കാശ്മിർ ദിനപത്രത്തിന്റെ ചീഫ് എഡിറ്ററുമായ ഷുജാത്ത് ബുഖാരിയെ തീവ്രവാദികൾ വെടിവച്ച് കൊന്നത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഈ ആവശ്യവുമായി പ്രധാനമന്ത്രി മെഹബൂബാ മുഫ്തിയെ ബുഖാരി സമീപിച്ചിരുന്നു. ആരും സുരക്ഷിതരല്ലെന്നും തീവ്രവാദപ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകുന്നുണ്ടെന്നും ബുഖാരി മുന്നറിയിപ്പ് നൽകിയിരുന്നതായി ദുലത്ത് വെളിപ്പെടുത്തി.
''സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ബുഖാരി ഏതാനും ദിവസങ്ങൾക്ക് മുമ്പ് കാശ്മീർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്രയും സൗമ്യനായ ഒരു വ്യക്തിയെ തീവ്രവാദികൾ നോട്ടമിട്ടിരുന്നെന്ന് ആര് കരുതും?'' ദുലത്ത് ചോദിക്കുന്നു. ആറ് ആഴ്ച മുമ്പ് ഷുജാത്ത് ബുഖാരിയുമായി ദുലത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്താനിലേക്ക് പോകുന്ന വഴിയായിരുന്നു ഇരുവരും. ദുലത്തിന്റെ ദ് സ്പൈ ക്രോണിക്കിൾ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ പങ്കെടുക്കാൻ ബുഖാരി ഡൽഹിയിൽ വന്നിരുന്നതായും ദുലത്ത് ഓർക്കുന്നു. അന്ന് കാശ്മീർ താഴ് വരെയെക്കുറിച്ച് വളരെ ആവേശത്തോട് കൂടിയാണ് ബുഖാരി സംസാരിച്ചത്. ''ഏറ്റവും സൗമ്യനായ വ്യക്തിയായിരുന്നു ഷുജാത്ത് ബുഖാരി. ഒരു മനുഷ്യനെന്ന നിലയിലും സുഹൃത്തെന്ന നിലയിലും അദ്ദേഹത്തെ അമൂല്യമായ രത്നത്തോട് ഉപമിക്കാം. മാത്രമല്ല, വളരെ മികച്ച ഒരു മാധ്യമപ്രവർത്തകനെയാണ് കാശ്മീരിന് നഷ്ടമായിരിക്കുന്നത്.'' ദുലത്ത് കൂട്ടിച്ചേർത്തു.
