കാശ്മീരിലെ സമാധാന ശ്രമങ്ങളിൽ പ്രധാനിയായി പ്രവർത്തിച്ചിരുന്ന ആളായിരുന്നു ഷുജാത്ത് ബുഖാരി. ഇദ്ദേഹത്തെ വധിക്കാൻ ഭീകരർ മുമ്പും പദ്ധതിയിട്ടിരുന്നു. 

ജമ്മു: ദ് റൈസിം​ഗ് കാശ്മീർ ദിനപത്രത്തിന്റെ എഡിറ്ററായിരുന്ന ഷുജാത്ത് ബുഖാരിയുടെ ഘാതകൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആനന്ദ് നാ​ഗ് ജില്ലയിലെ ബിജ്പോറയിൽ സെകിപോറ മേഖലയിലുണ്ടായ ഏറ്റമുട്ടലിലാണ് ഘാതകരിലൊരാളായ ആസാദ് മാലിക് കൊല്ലപ്പെട്ടത്. ജൂൺ 14 നായിരുന്നു ലാൽ ചൗക്കിലെ ഓഫീസിൽ നിന്ന് ഇറങ്ങിയ ബുഖാരിയെ ഭീകരർ വെടിവച്ച് വീഴ്ത്തിയത്. ഒപ്പം അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോ​ഗസ്ഥരും മരിച്ചിരുന്നു. 

കാശ്മീരിലെ സമാധാന ശ്രമങ്ങളിൽ പ്രധാനിയായി പ്രവർത്തിച്ചിരുന്ന ആളായിരുന്നു ഷുജാത്ത് ബുഖാരി. ഇദ്ദേഹത്തെ വധിക്കാൻ ഭീകരർ മുമ്പും പദ്ധതിയിട്ടിരുന്നു. 2000ത്തിൽ അദ്ദേഹത്തിന് നേർക്ക് വധശ്രമം നടന്നതിനെ തുടർന്നാണ് സുരക്ഷാ ഉദ്യോ​ഗസ്ഥരെ നൽകിയത്. ലഷ്കർ-ഇ തോയ്ബ ഭീകരരാണ് ബുഖാരിയുടെ മരണത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. മുസാഫിർ അഹമ്മദ് ഭട്ട്, നവജീത് ഭട്ട് എന്നിവരാണ് കൊലയാളി സംഘത്തിലെ മറ്റ് രണ്ട് പേർ.