ദില്ലി: ദില്ലിയില്‍ ഓടുന്ന കാറില്‍ സിക്കിം സ്വദേശിയായ 22 വയസുകാരി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്സില്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. സംഭവം അന്വേക്ഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഗുഡ്ഗാവ് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് ജോലി കഴിഞ്ഞ ദില്ലിയിലെ കോണാട്ട് പ്ലേസില്‍ നിന്നും ഗുഡ്ഗാവിലുള്ള വീട്ടിലേക്ക് പോകും വഴി യുവതിയുടെ വീടിന് സമീപത്ത് വച്ച് കാറിലെത്തിയ മൂന്നംഗ സംഘം തട്ടികൊണ്ടുപോയത്. തുടര്‍ന്ന് കാറില്‍ വെച്ച് മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. 20 കിലോമീറ്ററോളം ദൂരം കാറില്‍ സഞ്ചരിച്ച ശേഷം ഡല്‍ഹി നജാഫ്ഗഡില്‍ യുവതിയെ ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെട്ടു. 

വഴിയാത്രക്കാര്‍ വിരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേസ്സുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ സുഹൃത്തായ വിവേക് എന്ന ഐറ്റി ജീവനക്കാരനെ പോലീസ് ഇന്ന് ചോദ്യം ചെയ്തു.

ഇയാളെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. സിക്കിം മുഖ്യമന്ത്രി പവന്‍ കുമാര്‍ വിഷയത്തില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും എന്ന് അറിയിച്ചിട്ടുണ്ട്.