ഉത്സവപ്പറമ്പിലെ മേളയ്ക്കിടെയായിരുന്നു സംഭവം. ഇരുന്നിരുന്ന സീറ്റ് പെട്ടെന്ന് തിരിഞ്ഞതോടെ 45 അടി ഉയരത്തില്‍ നിന്ന് ഇരുവരും താഴേക്ക് വീഴുകയായിരുന്നു
അംബാല: ഉത്സവപ്പറമ്പിലെ യന്ത്ര ഊഞ്ഞാലില്‍ നിന്ന് വീണ സഹോദരിമാര്‍ മരിച്ചു. അംബാല സ്വദേശികളായ അഞ്ജലി (18), ദീപ് മാല (25) എന്നിവരാണ് മരിച്ചത്. അംബാലയിലെ ഹാതിഖാന ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു സംഭവം.
യന്ത്ര ഊഞ്ഞാലില്‍ ഇരുവരും ഒരുമിച്ചാണ് കയറിയത്. കറങ്ങാന്‍ തുടങ്ങി അല്‍പസമയം കഴിഞ്ഞപ്പോഴാണ് ഇവരുടെ സീറ്റുകള്‍ പെട്ടെന്ന് തിരിഞ്ഞത്. ഇതോടെ ഇരുവരും 45 അടി ഉയരത്തില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. തലയ്ക്കായിരുന്നു ഇരുവര്‍ക്കുംഗുരുതരമായി പരിക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരുടെയും മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് മേളയുടെ നടത്തിപ്പുകാരന്‍ അംബാലയില്‍ നിന്ന് കടന്നുകളഞ്ഞു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. യന്ത്ര ഊഞ്ഞാലിനും മേളയിലെ മറ്റ് വിനോദ ഉപകരണങ്ങള്‍ക്കും ആവശ്യമായ ലൈസന്‍സുകളുണ്ടായിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിച്ച് വരികയാണ്.
