ബംഗളുരു: ഗൗരി ലങ്കേഷ് കൊലപാതകക്കേസിൽ അന്വേഷണസംഘം വിപുലീകരിച്ചു. 44 ഉദ്യോഗസ്ഥരെയാണ് പുതുതായി ഉൾപ്പെടുത്തിയത്. കൽബുർഗി വധമന്വേഷിക്കുന്ന സിഐഡി സംഘവും ഇന്ന് പ്രത്യേക അന്വേഷണസംഘത്തിനൊപ്പം ചേർന്നു. വധഭീഷണിയുളള പുരോഗമനസാഹിത്യകാരൻമാർക്ക് സുരക്ഷയൊരുക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പൊലീസിന് നിർദേശം നൽകി.
കൂടുതൽ ഉദ്യോഗസ്ഥർ വേണമെന്ന് പ്രത്യേക അന്വേഷണസംഘത്തലവൻ ഐജി ബികെ സിങ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 44 പേരെ പുതുതായി ഉൾപ്പെടുത്തിയത്. രണ്ട് ഇൻസ്പെക്ടർമാരും സംഘത്തിലുണ്ട്. ഇതോടെ ആകെ അന്വേഷണഉദ്യോഗസ്ഥരുടെ എണ്ണം 65 ആയി. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് നാലാംദിവസവും സംഘം തെളിവെടുപ്പ് തുടരുകയാണ്. ഗൗരി ലങ്കേഷിന്‍റെ ഫോൺ വിളികൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. രണ്ടാഴ്ചക്കിടെ 600ലധികം പുതിയ നമ്പറുകളിലേക്ക് അവർ വിളിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. കൽബുർഗി വധമന്വേഷിക്കുന്ന സിഐഡി സംഘവും ഇന്ന് പരിശോധനയ്ക്കായി ഗൗരി ലങ്കേഷിന്‍റെ വീട്ടിലെത്തി. സമാനസ്വഭാവമുളള കേസായതിനാൽ ഒന്നിച്ചുളള അന്വേഷണം ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണിത്. അതേസമയം സംസ്ഥാനത്ത് വധഭീഷണിയുളള പുരോഗമന സാഹിത്യകാരൻമാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും പട്ടിക പൊലീസ് തയ്യാറാക്കി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണിത്. കെ എസ് ഭഗവാൻ, ഗിരീഷ് കർണാട്, ചേതന തീർത്ഥഹളളി എന്നിവർ ഉൾപ്പെടെ 35 പേരാണ് പട്ടികയിലുളളത്. ഇവർ ആവശ്യപ്പെട്ടില്ലെങ്കിൽകൂടി സുരക്ഷയൊരുക്കാനാണ് നിർദേശം. കൽബുർഗി വധത്തിനെത്തുടർന്ന് ഗിരീഷ് കർണാട് ഉൾപ്പെടെയുളളവർക്ക് പൊലീസ് സുരക്ഷയൊരുക്കിയുന്നു. ഇത് രണ്ട് മാസത്തിന് ശേഷം പിൻവലിച്ചു. ഇത്തവണ അത്തരമൊരു സാഹചര്യമുണ്ടാകരുതെന്നാണ് പൊലീസിനുളള നിർദേശം.
