'മണ്‍കുടത്തില്‍ ജനിച്ച സീത ടെസ്റ്റ് ട്യൂബ് ശിശു' നാരദനെ ഗൂഗിളിനോട് ഉപമിച്ച ദിനേഷ് ശര്‍മ്മ വീണ്ടും

ലക്നൗ: ഇന്ത്യയില്‍ ഇപ്പോഴും അപൂര്‍വ്വമായി മാത്രം നടക്കുന്ന ടെസ്റ്റ് ട്യൂബ് വഴി കുഞ്ഞിന് ജന്മം നല്‍കുന്ന രീതി രാമായണ കാലത്തും ഉണ്ടായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ്മ.നാരദനെ ഗൂഗിളിനോട് ഉപമിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് പുതിയ പ്രസ്താവനയുമായി ദിനേഷ് ശര്‍മ്മ വീണ്ടും എത്തിയിരിക്കുന്നത്. 

ജനങ്ങള്‍ പറയുന്നത് സീത ഒരു മണ്‍കുടത്തിലാണ് ജനിച്ചതെന്നാണ്. അതിനര്‍ത്ഥം രാമായണ കാലത്തും ടെസ്റ്റ് ട്യൂബിലൂടെ കുഞ്ഞിന് ജന്മം നല്‍കുന്നതിന് സമാനമായ സംവിധാനം ഉണ്ടായിരുന്നുവെന്നാണെന്ന് ശര്‍മ്മ പറഞ്ഞു. 
ഇന്‍റര്‍നെറ്റും സാറ്റ്ലൈറ്റും മഹാഭാരത കാലത്തും ഉണ്ടായിരുന്നുവെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറിന്‍റെ പ്രസ്താവനയ്ക്ക് സമാനമായിരുന്നു ശര്‍മ്മയുടെ വാക്കുകള്‍. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യ അത്യാധുനിക വൈദ്യ പരീക്ഷണങ്ങള്‍ നടത്തിയിരുന്നുവെന്നാണ് ഇരുവരും സമര്‍ത്ഥിക്കുന്നത്. 

ഇന്ന് പരിപാടികളുടെ തത്സമയ സംപ്രേക്ഷണം നടക്കുന്നുണ്ട്. ഇതിന് സമാനമായ സംഭവമാണ് മഹാഭാരത കാലഘട്ടത്തിലും നടന്നത്. മഹാഭാരത യുദ്ധത്തിന്‍റെ തത്സമയ അവതരണമാണ് സഞ്‍ജയന്‍ ധൃതരാഷ്ട്രര്‍ക്ക് വേണ്ടി നടത്തിയത്. പുരാതനകാലം മുതലേ ഇന്ത്യയില്‍ പ്ലാസ്റ്റിക് സര്‍ജറി, തിമിര ശസ്ത്രിക്രിയ, അണുപരീക്ഷണം, ഗുരുത്വാകര്‍ഷണം തുടങ്ങിയവയെല്ലാം ഉണ്ടായിരുന്നുവെന്നും ശര്‍മ്മ പറഞ്ഞു. 

ഹനുമാനാണ് ആദ്യത്തെ ആദിവാസി നേതാവെന്ന് പറഞ്ഞ് രാജസ്ഥാനിലെ എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മയക്കുമരുന്ന് വില്‍ക്കരുത്, അത് ജാമ്യമില്ലാ കുറ്റമാണ്. പകരം നിങ്ങള്‍ സ്വര്‍ണം കടത്തൂ എന്ന രാജസ്ഥാനിലെ ബിജെപി എംഎല്‍എ അര്‍ജുന്‍ ലാല്‍ ഗാര്‍ഗിന്‍റെ വാക്കുകള്‍ വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. സ്വര്‍ണ്ണക്കടത്താകമ്പോള്‍ എളുപ്പത്തില്‍ ജാമ്യം കിട്ടുമെന്നാണ് എംഎല്‍എയുടെ കണ്ടുപിടിത്തം. രാജസ്ഥാനിലെ ദേവാസി സമൂഹത്തോടായിരുന്നു അര്‍ജുന്‍ ലാല്‍ ഗാര്‍ഗിന്‍റെ ഉപദേശം.