രാജ്യത്തിന്‍റെ നിയമങ്ങൾക്ക് പകരം ബിജെപിയുടെ നിയമങ്ങളാണ് മോദി നടപ്പിലാക്കികൊണ്ടിരിക്കുന്നത്. സമ്പന്നരെ മാത്രം സഹായിക്കുന്ന നടപടികൾ മൂലം കർഷകർ ദുരിതത്തിലായി എന്നും യച്ചൂരി കുറ്റപ്പെടുത്തി.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവുമായി സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി രാജ്യത്തിനായി ഒന്നും ചെയ്തിട്ടില്ല. അധികാരം ഉപയോഗിച്ച് സിബിഐ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുന്ന നടപടികളാണ് മോദി കൈക്കൊണ്ടത്. കാവൽക്കാരന്‍റെ ജോലി സമ്പത്ത് സംരക്ഷിക്കുകയാണ് എന്ന് മോദി ഓർക്കണമെന്നും സീതാറാം യച്ചൂരി പറഞ്ഞു.
ശ്രീരാമന്‍റെ ഭരണമല്ല ദുശ്ശാസനന്‍റെ ഭരണമാണ് ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത്. രാജ്യത്തിന്‍റെ നിയമങ്ങൾക്ക് പകരം ബിജെപിയുടെ നിയമങ്ങളാണ് മോദി നടപ്പിലാക്കുന്നത്. സമ്പന്നരെ മാത്രം സഹായിക്കുന്ന നടപടികൾ മൂലം കർഷകർ ദുരിതത്തിലായെന്നും യച്ചൂരി കുറ്റപ്പെടുത്തി.
പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയ്ക്ക് വേദിയൊരുക്കിയ ആം ആദ്മി പാര്‍ട്ടിയുടെ റാലിയിലാണ് സിപിഎം ദേശീയ സെക്രട്ടറി മോദിക്കെതിരെ ആഞ്ഞടിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ദില്ലിയിൽ മികച്ച ഭരണമാണ് കാഴ്ചവെക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. 'സ്വേച്ഛാധിപത്യം അവസാനിപ്പിക്കുക, രാജ്യത്തെ രക്ഷിക്കുക' എന്നീ മുദ്രാവാക്യങ്ങൾ ഉയര്‍ത്തിയാണ് ജന്ദർ മന്ദറിൽ ആം ആദ്മി പാർട്ടി റാലി സംഘടിപ്പിക്കുന്നത്.
