ഇടുക്കി: വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരനെ കാണാതായതായി പരാതി. കണ്ണന്‍ ദേവന്‍ കമ്പനി കടലാര്‍ എസ്റ്റേറ്റിലെ നൂര്‍മുഹമ്മദ്ദ്- രസിതന്‍നിസ ദമ്പതികളുടെ മൂത്തമകന്‍ നവറുദ്ദീന്‍ (6)നെയാണ് ഞായറാഴ്ച ഉച്ചയോടെ കാണാതായത്. സഹോദരന്‍ അഫ്‌സല്‍ അലിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാതാവ് രാവിലെ കുട്ടിയുമായി മൂന്നാര്‍ ജനറല്‍ ആശുപത്രിയിലേക്ക് പോയിരുന്നു. 

ഉച്ചയോടെ നവരുദ്ദിനെ വീട്ടിലാക്കി നൂറുമുഹമ്മദ്ദ് തൊഴിലാളികള്‍ക്കൊപ്പം വിറകുശേഖരിക്കാന്‍ കാട്ടിലേക്കുംപോയി. വൈകുന്നേരത്തോടെ മടങ്ങിയെത്തിയ നൂർമുഹമ്മദ് വീട്ടില്‍ കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സംഭവം പോലീസിനെ അറിയിക്കുകയായിരുന്നു. മൂന്നാര്‍ സി.ഐ സാം ജോസിന്റെ നേത്യത്വത്തില്‍ എസ്.ഐ സി.വി. ലൈജുമോടക്കമുള്ള സംഘം സമീപങ്ങളില്‍ പരിശോധന തുടരുകയാണ്.