ലക്നൗ: ഉത്തര്‍പ്രദേശില്‍ നാളെ മുതല്‍ മാംസ മത്സ്യ വ്യാപാരികള്‍ കടകളടച്ച് അനിശ്ചിതകാല പണിമുടക്ക് തുടങ്ങും. അനധികൃത അറവുശാലകള്‍ക്കെതിരെ എന്ന പേരില്‍ അറവു ശാലകള്‍ പൂട്ടിക്കുന്ന യോഗി ആതിഥ്യനാഥ് സര്‍ക്കാരിനെതിരെയാണ് പ്രതിഷേധമെന്ന് വ്യാപാരികള്‍ പറയുന്നു. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മല്‍സ്യ വ്യാപാരികള്‍ കൂടി സമരത്തിനെത്തിയതോടെ സംസ്ഥാനത്ത് ഇറച്ചി വില്‍പ്പന പൂര്‍ണമായും സ്തംഭിക്കും. ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിരവധി അറവുശാലകളാണ് ഉത്തര്‍പ്രദേശില്‍ പൂട്ടിച്ചത്. ഈ മേഖലയിലെ ഒരു ലക്ഷത്തോളം പേര്‍ക്കാണ് ജോലി നഷ്ടമായത്. ലഖ്നൗവിലെ പ്രശസ്തമായ തുണ്ടെ ബീഫ് കബാബ് കടകള്‍ക്കും ഇതോടെ താഴ് വീണു. തെരഞ്ഞെടുപ്പ് വാഗ്ദ്ധാനം പാലിക്കാന്‍ അനധികൃത അറവുശാലകള്‍ക്കും കന്നുകാലിക്കടത്തിനും എതിരെ മാത്രമേ നടപടിയുണ്ടാകൂവെന്നാണ് സര്‍ക്കാര്‍ നിലപാട്.