ദുബായില്‍ റോഡ് സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി കൂടുതല്‍ സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിക്കുന്നു. പുതിയ പട്രോളിംഗ് സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്
മോഷ്‌ടിച്ച വാഹനം ഓടിക്കുന്നവരേയും റോഡിലൂടെ സാഹസിക യാത്ര നടത്തുന്നവരേയും കണ്ടെത്താനാണ് ദുബായ് പൊലീസ് സ്മാര്‍ട്ട് കാമറകള്‍ സ്ഥാപിക്കുന്നത്. റോഡിലെ നിരീക്ഷണവും വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് സ്കാന്‍ ചെയ്യലും ഒരേ സമയം നടത്താന്‍ കഴിയുന്ന ക്യാമറയാണിത്. മോഷ്‌ടിച്ച വാഹനം ഈ കാമറയ്‌ക്ക് മുമ്പിലൂടെ പോയാല്‍ നമ്പര്‍ പ്ലേറ്റ് സ്കാന്‍ ചെയ്യുകയും ഉടനടി പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം അറിയിക്കുകയും ചെയ്യും. ഉടന്‍ തന്നെ പോലീസിന് വാഹനം ഉള്ള സ്ഥലം മനസിലാക്കി പിടികൂടാന്‍ കഴിയും.
ദുബായില്‍ ഇതിനകം ഇത്തരം 70 ക്യാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഇനി 61 സ്മാര്‍ട്ട് ക്യാമറകള്‍ കൂടി സ്ഥാപിക്കുമെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെയാവും 61 ക്യാമറകള്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയാവുക.
30 സ്മാര്‍ട്ട് പട്രോളിംഗ് സംവിധാനവും പോലീസ് സജ്ജീകരിച്ചിട്ടുണ്ട്. 360 ഡിഗ്രി ക്യാമറ അടക്കമുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉള്ളവയാണിവ. ചുറ്റുമുള്ള വാഹനങ്ങളെ നിരീക്ഷിക്കാനും എന്തെങ്കിലും അസ്വാഭാവികത കാണുകയാണെങ്കില്‍ വാഹനം പിടിച്ചെടുക്കാനും ഇതുമൂലം സാധിക്കും.
ദുബായില്‍ കുറ്റകൃത്യങ്ങള്‍ പരമാവധി കുറയ്‌ക്കുക എന്ന ഉദ്ദേശത്തിലാണ് സ്മാര്‍ട്ട് ക്യാമറകളും സ്മാര്‍ട്ട് പട്രോളിംഗും പൊലീസ് അധികൃതര്‍ നടപ്പിലാക്കുന്നത്.
