മലപ്പുറം: ബിജെപി കേന്ദ്രനേതൃത്വം ഇതുവരെ നടപ്പാക്കാത്ത വാഗ്ദാനങ്ങള്‍ വെള്ളാപ്പള്ളി നേടശനെ മുന്നില്‍ നിര്‍ത്തി വാങ്ങിയെടുക്കാന്‍ ബിഡിജെഎസ് ശ്രമം. മലപ്പുറത്ത് മനസാക്ഷി വോട്ട് ചെയ്യാന്‍ നല്‍കിയ ആഹ്വാനവും ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചതുമെല്ലാം ബിഡിജെഎസ്-വെള്ളാപ്പള്ളി തന്ത്രമായാണ് വിലയിരുത്തുന്നത്. വെള്ളാപ്പള്ളി നടേശന്‍റേത് അടവുനയമാണെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മലപ്പുറത്ത് പറഞ്ഞു. 

ബിജെപിയുടെ എന്‍ഡിഎ സംവിധാനത്തില്‍ കാര്യമായി ആരുമില്ലാതെ നില്‍ക്കുമ്പോഴായിരുന്നു ബിഡിജെഎസ് എന്ന പാര്‍ട്ടിയുടെ രൂപീകരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗത്തിന്‍റെ നേതൃത്വത്തില്‍ ബിഡിജെഎസ് എന്ന പാര്‍ട്ടി ഉണ്ടാക്കി. ഇത് ബിജെപിക്ക് വേണ്ടിയായിരുന്നു. പാര്‍ട്ടി രൂപീകരിച്ചതോടെ സിപിഎമ്മിന്‍റെയും യു‍ഡിഎഫിന്‍റെയും ഒരു വിഭാഗം നേതാക്കള്‍ വെള്ളാപ്പള്ളിയുടെ കടുത്ത ശത്രുക്കളായി മാറി. 

പക്ഷേ അപ്പോഴേക്കും ബിഡിജെഎസ്സിന് ബിജെപി കേന്ദ്ര നേതൃത്വത്തില്‍ നിന്ന് വലിയ വാഗ്ദാനങ്ങള്‍ കിട്ടിക്കഴിഞ്ഞിരുന്നു. പാര്‍ട്ടി രൂപീകരിച്ച് ഒരു കൊല്ലം കഴിഞ്ഞു. ബിഡിജെഎസ്സിന് ഒന്നും കിട്ടിയില്ല. ബിജെപി സംസ്ഥാന നേതൃത്വമാണ് ബിഡിജെഎസ്സിന് നല്‍കുന്നതിനെ എതിര്‍ക്കുന്നതെന്ന് മനസ്സിലാക്കിയതോടെ വെള്ളാപ്പള്ളി ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ തിരിഞ്ഞു.

ബിഡിജെഎസ്സുമായി തനിക്ക് ബന്ധമില്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി എന്‍ഡിഎ സംവിധാനത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുന്നയിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ മതിയാക്കിയെന്നും മലപ്പുറം തെരെഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ട് ചെയ്യണമെന്നും പറഞ്ഞ് വെള്ളാപ്പള്ളി നടേശന്‍ ബിജെപി നേതൃത്വത്തെയാണ് പ്രതിസന്ധിയിലാക്കിയത്. തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രതികരണത്തില്‍ നിന്ന് തന്നെ അത് വ്യക്തമാണ്.