വ്യാജ ഹര്‍ത്താല്‍: മുഖ്യ സൂത്രധാരനടക്കമുള്ളവര്‍ പിടിയില്‍

തിരുവനന്തപുരം: വ്യാജ ഹര്‍ത്താലുമായി ബന്ധപ്പെട്ട് മുഖ്യ സൂത്രധാരനടക്കം അഞ്ച് പേര്‍ പൊലീസ് പിടിയിലായി. വോയിസ് ഓഫ് യൂത്ത് എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പ് വഴി പ്രാദേശികമായ ഗ്രൂപ്പുകളുണ്ടാക്കാന്‍ മുഖ്യ സൂത്രധാരന്മാരായി പ്രവര്‍ത്തിച്ചു എന്നാണ് പൊലീസ് പറയുന്നത്.

മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പിടിയിലായവര്‍. എന്നാല്‍ ഇവര്‍ക്ക് നിലവില്‍ ഇവര്‍ക്ക് ആര്‍എസ്എസുമായി ബന്ധമില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവര്‍ക്ക് വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ പദ്ധതികളുണ്ടായിരുന്നോ എന്നത് സംബന്ധിച്ച് ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ഇതുവരെയുള്ള ചോദ്യം ചെയ്യലില്‍ അത്തരം കാര്യങ്ങളൊന്നും വ്യക്തമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. മഞ്ചേരി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെല്ലാം കൊല്ലം സ്വദേശികളാണ്. തിരുവനന്തപുരത്തു നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും.