തിരുവനന്തപുരം: ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം നടന്ന മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ മലപ്പുറം എംപിയും മുസ്‌ലിം ലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തത് വലിയ വിവാദമായിരിക്കുകയാണ്.   ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് കുഞ്ഞാലിക്കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയിലാകെ പൊങ്കാലയാണ്. കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പേജിലടക്കം നിരവധി പേരാണ് വിമര്‍ശനവും ട്രോളുമായി എത്തിയിരിക്കുന്നത്.  മുത്തലാഖ് ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുന്നത് മാസങ്ങള്‍ക്ക് മുന്നേ തീരുമാനിച്ച കാര്യമാണ്. എന്നിട്ടും എംപി പങ്കെടുക്കാത്തത് ശരിയല്ലെന്നാണ് അണികളടക്കം വിമര്‍ശിക്കുന്നത്.

'ലീഗ് നേതാക്കളുടെ ഇമയനങ്ങുന്നത് പോലും സെക്കന്‍റുകൾ വെച്ച് സോഷ്യൽ ഓഡിറ്റിംഗ് നടത്തുന്ന കാലത്ത് ശത്രുക്കൾക്ക് തല്ലാൻ പാകത്തിൽ നടുമ്പുറം കാണിച്ചു കൊടുത്ത് നാണക്കേട് ഇരന്നു വാങ്ങുന്നത് പരമ ബോറാണു സാഹിബേ' എന്നാണ് ഒരു ലീഗ് പ്രവര്‍ത്തകന്‍ കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പേജില്‍ കമന്‍റ് ചെയ്തിരിക്കുന്നത്. മുത്തലാഖ് ബിൽ പാർലിമെന്റിൽ ചർച്ചചെയ്യുമ്പോഴും വോട്ടിനിടുമ്പോഴും മുസ്ലിം ലീഗ് എം പി കുഞ്ഞാലിക്കുട്ടി സാഹിബ് തന്റെ സാന്നിധ്യം അറിയിക്കാതെ വന്നത് വിമർശിക്കപ്പെടുമ്പോൾ അത് അന്ധമായ ലീഗ് വിരോധം കൊണ്ടാണെന്ന് പറഞ്ഞ് തടി തപ്പാൻ ഒരു ലിഗുകാരനും ആവില്ലെന്നാണ് മറ്റൊരു കമന്‍റ്. ഇടി മുഹമ്മദ് ബഷീറിനെ പ്രശംസിക്കുകയും കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിക്കുന്നതുമാണ് കമന്‍റുകളെല്ലാം.


ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ പി കെ കുഞ്ഞാലിക്കുട്ടി എംപി പോയത് വ്യവസായി ഒരുക്കിയ വിരുന്നിനാണ്. ബില്ലിന്മേലുള്ള ചര്‍ച്ച നടക്കുമ്പോള്‍ പാര്‍ട്ടി നേതാവ് കൂടിയായ മലപ്പുറം പുത്തനത്താണിയിലുള്ള സുഹൃത്തിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുകയായിരുന്നു മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയെന്നാണ് വിമര്‍ശനം.

കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താതിരുന്നത് നേതാക്കളേയും അണികളേയും ഒരു പോലെ പ്രകോപിപ്പിച്ചിരിക്കുകയാണ്. നേരത്തെ ഉപരാഷ്‌‌ട്രപതി തെരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടി വിട്ടുനിന്നിരുന്നു. അന്ന് വിമാനം വൈകിയെന്നായിരുന്നു ന്യായീകരണമായി പറഞ്ഞത്.  എന്തായാലും കുഞ്ഞാലിക്കുട്ടിയ്ക്കെതിരെയുള്ള പാര്‍ട്ടിക്കുള്ളിലും അണികള്‍ക്കിടയിലുമുള്ള അതൃപ്തി  പരസ്യമായി പ്രകടിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ. മുത്തലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പില്‍ താന്‍ ഹാജരായില്ലെന്നതുമായി ബന്ധപ്പെട്ട് ചില തല്‍പര കക്ഷികള്‍ പ്രചരണം നടത്തുകയായിരുന്നുവെന്നും ഇത് വസ്തുതാപരമായി ശരിയല്ലെന്നുമാണ് കുഞ്ഞാലിക്കുട്ടിയുടെ വാദം.