കൊച്ചി: സോളാര്‍ കേസില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ കെ.ബി. ഗണേഷ്‌കുമാറാണെന്നു മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍. ഗണേഷ് നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണു തന്നെ വിവാദത്തിലേക്കു വലിച്ചിഴച്ചതെന്നും ഷിബു ബേബി ജോണ്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി

ഷിബു ബേബി ജോണിന്റെ മൊബൈല്‍ നമ്പരിലേക്കു സരിത എസ്. നായര്‍ എട്ടു തവണ വിളിച്ചതിന്റെ വിശദാംശങ്ങളാണ് കമ്മിഷന്‍ തേടിയത്. ഒപ്പം ബിജു രാധാകൃഷ്ണന്‍ കമ്മിഷനു നല്‍കിയ മൊഴിയില്‍ സരിതയുമൊത്തുള്ള ഷിബു ബേബി ജോണിന്റെ ദൃശ്യങ്ങളുണ്ടെന്നും പറഞ്ഞിരുന്നു. തനിക്ക് യാതൊരു പരിചയവുമില്ലാത്ത ആളാണു സരിത ഇതുവരെ നേരിട്ടു കണ്ടിട്ടില്ല. ഇത്തരത്തിലുള്ള ഒരാള്‍ക്കൊപ്പമുള്ള ദൃശ്യങ്ങള്‍ ഉണ്ടെന്ന് പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ ഗൂഡാലോചനയാണ്. കെ.ബി. ഗണേഷ്‌കുമാറാണ് ഇതിനു പിന്നില്‍. ഗണേഷിനും പിഎ പ്രദീപ് കുമാറിനും സരിതയുമായി അടുത്ത ബന്ധമുണ്ട്. സരിതക്ക് തിരുവനന്തപുരത്ത് വിട് എടുത്ത് നല്‍കിയത് പ്രദീപാണ്. ഗണേഷ്‌കുമാര്‍ യുഡിഎഫ് വിട്ടതിനു ശേഷമാണ് സരിത മന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും ഷിബു പറഞ്ഞു.

മൊഴി നല്‍കിയതില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ടു ബിജു രാധാകൃഷ്ണന്‍ കത്തെഴുതിയിരുന്നു. സരിത പറഞ്ഞ പ്രകാരമാണു മൊഴി നല്‍കിയതെന്നും ബിജു അറിച്ചിട്ടുണ്ട്. നിരവധി തവണ സരിത തന്റെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും താന്‍ അവരോട് സംസാരിച്ചിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ മൊഴി നല്‍കി.