കൊച്ചി: സരിതാ എസ് നായ‍ര്‍ക്ക് സോളാര്‍ കമ്മീഷന്റെ അറസ്റ്റ് വാറണ്ട്.കമ്മീഷനില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനെത്തുടര്‍ന്നാണ് നടപടി.ജൂണ്‍ മാസം 27ന് സരിതയെ അറസ്ററ് ചെയ്ത് ഹാജരാക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്കാണ് കമ്മീഷന്‍ നി‍ര്‍ദേശം നല്‍കുക. ക്രോസ് വിസ്താരത്തിനും കൂടുതല്‍ തെളിവ് ഹാജരാക്കാനും ഇന്ന് ഹാജരാകാനാണ് സരിതയോട് സോളാര്‍ കമ്മീഷന്‍ നി‍ദേശിച്ചിരുന്നത്.

എന്നാല്‍ നാഗര്‍കോവിലിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായതിനാല്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സരിതയുടെ അഭിഭാഷകന്‍ അപേക്ഷ നല്‍കിയെങ്കിലും കമ്മീഷന്‍ അത് തളളി.സരിത ബോധപൂര്‍വ്വം സിറ്റിങ്ങില്‍ വരാതിരിക്കുകയാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ഇതേത്തുടര്‍ന്നായിരുന്നു കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ടിലെ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ പോലീസ് മേധാവിക്ക് നി‍ദേശം നല്‍കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്. ഉത്തരവ് ഇന്ന് വൈകുന്നേരത്തോടെ പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു