തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യൽ കമ്മീഷൻ റിപ്പോര്‍ട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കം രാഷ്ട്രീയ നേതാക്കൾക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരായ നടപടി ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കും. സുപ്രീംകോടതി മുൻ ജഡ്ജി അരിജിത് പസായത്തിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്.
പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു കൊണ്ടുള്ള ഉത്തരവും ഇറങ്ങും . അഴിമതിക്കും മാനഭംഗത്തിനുമെതിരെ കേസെടുക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും പല വിധ വിമർശനങ്ങളെ തുടര്‍ന്ന് ഇതുവരെ ഉത്തരവ് ഇറങ്ങിയിരുന്നില്ല . അതിനിടെ രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം നാളെ ചേരും.
രാവിലെ ഒൻപത് മണിമുതൽ ഒൻപതേകാലുവരെയാണ് സഭ സമ്മേളിക്കുന്നത്. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മേശപ്പുറത്ത് വയ്ക്കുന്ന മുഖ്യമന്ത്രി ഇക്കാര്യത്തിൽ പ്രത്യേക പ്രസ്താവനയും നടത്തും.
