Asianet News MalayalamAsianet News Malayalam

കരസേനയില്‍ തൊഴില്‍ പീഡനം ആരോപിച്ച മലയാളി സൈനികന്‍ മരിച്ച നിലയില്‍

soldiers dead body found in nasik
Author
First Published Mar 2, 2017, 8:34 AM IST

കരസേനയിലെ റോക്കറ്റ് റജിമെന്ററിയില്‍ ലാന്‍സ് നായികായിരുന്നു റോയ് മാത്യു. 13 വര്‍ഷമായി കരസേനയില്‍ ജോലി ചെയ്തിരുന്ന ജോയ് രണ്ട് വര്‍ഷം മുമ്പാണ് നാസികിലെത്തിയത്. ഡിസംബര്‍ 28നാണ് അവസാനം നാട്ടില്‍ വന്ന് മടങ്ങിയത്. കഴിഞ്ഞ മാസം 25ന് ജോലി സ്ഥലത്ത് ചില പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം ഭാര്യയെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നാണ് അറിയാന്‍ കഴിഞ്ഞത്. സൈനിക ഉദ്ദ്യോഗസ്ഥരിലൂടെ അടക്കം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് റോയ് മാത്യു മരിച്ചെന്ന വിവരം ഇന്നാണ് നാസികിലെ സൈനിക കേന്ദ്രത്തില്‍ നിന്ന് ബന്ധുക്കള്‍ക്ക് ലഭിച്ചത്. നാസികിലെ സൈനിക കേന്ദ്രങ്ങളില്‍ സൈനികരെ മേലുദ്ദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നെന്ന് അവിടുത്തെ പ്രദേശിക ചാനലില്‍ അടുത്തിടെ ഒരു വാര്‍ത്ത വന്നിരുന്നു. ആ വാര്‍ത്താ റിപ്പോര്‍ട്ടില്‍ റോയ് മാത്യുവും സംസാരിക്കുന്ന ദൃശ്യങ്ങളുണ്ടായിരുന്നു. വീടുപണിക്ക് മുതല്‍ ഷൂ പോളിഷ് ചെയ്യാന്‍ വരെ ഉയര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ സൈനികരെയാണ് ഉപയോഗിക്കുന്നതെന്ന് ആ റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. മുഖം മറച്ചാണ് ചാനലില്‍ ഇവര്‍ സംസാരിക്കുന്നതെങ്കിലും ഇത് ആരൊക്കെയാണെന്ന് ഉയര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ കണ്ടുപിടിച്ചു. ഇതിന് ശേഷം ഇവര്‍ക്ക് നേരെ പീഡനശ്രമങ്ങളുണ്ടായെന്ന് ബന്ധുക്കള്‍ പറയുന്നു. ചാനലില്‍ സംസാരിച്ചവരെ ഉന്നത ഉദ്ദ്യോഗസ്ഥര്‍ തടവിലാക്കിയെന്നും ആരോപണമുണ്ട്. നാസികിന് തൊട്ടടുത്തുള്ള ഒരു തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്നാണ് റോയ് മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയത്.

Follow Us:
Download App:
  • android
  • ios