ഹരിയാന: പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്ത ഹരിയാന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബരളയുടെ മകനുള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍. ഐ.എ.എസ് ഓഫീസറുടെ മകളുടെ പരാതിയിലാണ് ബരളയുടെ മകന്‍ വികാസ് ബരളയെ ചണ്ഡിഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹരിയാനയിലെ പഞ്ചുകുലയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബി.ജെ.പി സംസ്ഥാന അധ്യക്ഷനറെ മകന്‍ തന്നെ നിരന്തരം പിന്നാലെ നടന്നു ശല്യപ്പെടുത്തിയെന്നും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നുമാണ് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നത്. മദ്യപിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം പെണ്‍കുട്ടി സഞ്ചരിച്ച കാറിനെ പിന്തുടരുകയായിരുന്നു. ഇതോടെ ഭയന്നു പോയ പെണ്‍കുട്ടി തൊട്ട് അടുത്ത വീട്ടില്‍ അഭയം തേടി. ഇവരാണ് സംഭവം പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിച്ചത്.

സംഭവത്തില്‍ വികാസിന്റെ സുഹൃത്ത് അശിഷ് കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ചണ്ഡിഗഡ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി സുഭാഷ് ബരളയെ വീണ്ടും തെരഞ്ഞെടുത്തത്. 48കാരനായ ഇദ്ദേഹം ഹരിയാന നിയമസഭാഗം കൂടിയാണ്. എന്നാല്‍ മകന്റെ അറസ്റ്റില്‍ ബരള ഇതുവരെ പ്രതികരിച്ചിട്ടില്ല.