പ്രശസ്ത അമേരിക്കൻ സംഗീതജ്ഞൻ ബോബ് ഡിലന് സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം.അമേരിക്കൻ കാവ്യശാഖക്ക് നൽകിയ വേറിട്ട സംഭാവനകളാണ് ഡിലനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഒരു സംഗീതജ്ഞന് ചരിത്രത്തിലാദ്യമായി സാഹിത്യ നൊബേൽ ലഭിക്കുന്നുവെന്ന പുതുമയും ഇത്തവണത്തെ പുരസ്കാരത്തിനുണ്ട്.
അമേരിക്കൻസംഗീതപാരന്പര്യത്തിൽ നിന്ന് വ്യതിചലിക്കാതെ കവിതകൾക്ക് പുതിയ ഭാവതലങ്ങൾ പകര്‍ന്നതാണ് ബോബ് ഡില്ലനെ നൊബേല്‍ പുരസ്കാരത്തിന് അര്‍ഹനാക്കിയതെന്ന് സ്വീഡിഷ് അക്കാദമി വിലയിരുത്തി. സാധാരണക്കാരന്റെ മനസറിഞ്ഞ് ജനകീയസംഗീതം വിളമ്പിയ പാട്ടുകാരനാണ് ബോബ് ഡിലൻ. നൂറ്റാണ്ടിന്റെ പാട്ടുകാരൻ എന്നറിയപ്പെട്ട ബോബ് ഡിലനെത്തേടി സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം എത്തിയതിനെ കാവ്യനീതി എന്നുതന്നെ വിളിക്കാം.
1960മുതൽ യുദ്ധവും മനുഷ്യാവകാശവുമൊക്കെ പ്രമേയമാക്കി ഡിലന്റെ തൂലിക ചലിച്ചു. ബ്ലോയിംഗ് ഇൻ ദ വിൻഡ് അടക്കം നമുക്ക് പരിചിതമായ ധാരാളം ഗാനങ്ങൾ. റോബർട്ട് അലൻ സിമ്മർമാനെന്ന പേരിൽ നിന്ന് ബോബ് ഡിലനെന്ന ലോകമറിഞ്ഞ സംഗീതജ്ഞനിലേക്കുള്ള മാറ്റം വളരെ പെട്ടെന്നായിരുന്നു. 11 ഗ്രാമി അവാർഡുകൾ, ഗോൾഡൻ ഗ്ലോബ്, അക്കാദമി പുരസ്കാരങ്ങൾ, ഒടുവിൽ നൊബേൽ പുരസ്കാരവും.
നൊബേൽ സാധ്യതാപട്ടികയിൽ നേരത്തെ പലവട്ടം വന്ന ഡിലന്, സാഹിത്യകാരൻ എന്ന ലേബലില്ലാത്തത് പട്ടികയിലിടം പിടിക്കാനുള്ള സാധ്യതയകറ്റിയിരുന്നു. ഒടുവിൽ, 75-ാം വയസ്സിൽ, സാഹിത്യ നൊബേൽ പട്ടികയിലെ 108 ആം പേരുകാരനായി ബോബ് ഡിലൻ. 1993ൽ ടോണി മോറിസിനുശേഷം സാഹിത്യ നൊബേൽ വീണ്ടും അമേരിക്കയിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഒമ്പത് ലക്ഷം ഡോളർ സമ്മാനത്തുകയടങ്ങുന്ന പുരസ്കാരം ആൽഫ്രഡ് നൊബേലിന്റെ ചരമവാർഷികദിനമായ ഡിസംബർ 10ന് സമ്മാനിക്കും.
