ദില്ലി: കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി ഉടൻ ഏറ്റെടുക്കുമെന്ന് സോണിയ ഗാന്ധി. ദീപാവലിക്ക് ശേഷമാവും സ്ഥാനാരോഹണമെന്നും സോണിയാ ഗന്ധി വ്യക്തമാക്കി. ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സോണിയ ഇക്കാര്യം പറഞ്ഞത്.

ഇതാദ്യമായാണ് രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കുമോ എന്നത് സംബന്ധിച്ച് സോണിയാ ഗാന്ധി സ്ഥിരീകരണം നൽകുന്നത്. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഉടൻ ഏറ്റെടുക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നെങ്കിലും എന്ന് അതുണ്ടാകുമെന്നതിൽ വ്യക്തതയുണ്ടായിരുന്നില്ല. പ്രത്യേക എ ഐ സി സി സമ്മേളനം വിളിച്ച് സ്ഥാനരോഹണമുണ്ടാവുമെന്നായിരുന്നു ഹൈക്കമാൻഡ് വൃത്തങ്ങളിൽ നിന്ന് അറിഞ്ഞിരുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ അതുണ്ടാകണമെന്ന ആവശ്യം മുതിർന്ന നേതാക്കളിൽ നിന്ന് ഉയർന്നിരുന്നു. ഉത്തരാഖണ്ഡ് പിസിസി അടക്കം ഈ ആവശ്യം ഉന്നയിച്ച് പ്രമേയവും പാസാക്കിയിരുന്നു. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ താൻ തയാറെന്ന് അമേരിക്കയിൽ വെച്ച് രാഹുലും പറഞ്ഞിരുന്നു. ദീപാവലിക്ക് ശേഷം സ്ഥാനാരോഹണമുണ്ടാകുമെന്ന് സോണിയഗാന്ധി വ്യക്തമാക്കിയത്. ഏറെക്കാലത്തെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമെന്നാണ് സോണിയ ഇതിനെ വിശേഷിപ്പിച്ചത്. ഗുജറാത്ത് ഹിമാചൽ തെരഞ്ഞെടുപ്പുകളിലും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇതോടെ രാഹുലാണ് പാർട്ടിയെ പൂർണമായും മുന്നിൽ നിന്ന് നയിക്കുക. സോണിനയ ഗാന്ധി തന്നെ സ്ഥിരീകരിച്ചതോടെ സ്ഥാനാരോഹണത്തിന്റെ തിയതി മാത്രമാണ് ഇനി അറിയാനുള്ളത്.