ദില്ലി: സൗമ്യവധക്കേസിൽ നേരിട്ട് ഹാജരാകണമെന്ന സുപ്രീംകോടതിയുടെ നിർദ്ദേശം അനുസരിക്കുമെന്ന് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു അറിയിച്ചു. നവംബർ 11ന് കേസ് പരിഗണിക്കുമ്പോൾ കോടതിയിലുണ്ടാകുമെന്ന് കട്ജു വ്യക്തമാക്കി. സൗമ്യാ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ കൊലക്കുറ്റത്തിൽ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി മുൻ ജഡ്ജി കൂടിയായ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു ഫെയിസ് ബുക്കിൽ കുറിച്ചിരുന്നു.
ഇത് ഹർജിയായി പരിഗണിച്ച് വിധിയിൽ എന്താണ് പിഴവെന്ന് കട്ജു കോടതിയിൽ എത്തി വിശദീകരിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. എന്നാൽ മുൻ ജഡ്ജിയായ തനിക്ക് സുപ്രീംകോടതിയിൽ പോകുന്നതിന് വിലക്കുള്ളതിനാൽ പോകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ നിലപാട്. എന്നാല്‍ നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതിയുടെ നോട്ടീസ് ലഭിച്ച സാഹചര്യത്തില്‍ കോടതിൽ ഹാജരാകുമെന്ന് കട്ജു ഇന്ന് വ്യക്തമാക്കി.തനിക്ക് ഹാജരാകുന്നതിന് തടസമില്ലെന്ന് സുപ്രീംകോടതി തന്നെ നോട്ടീസിൽ വ്യക്തമാക്കിയ സാഹചര്യത്തിലാണ് നേരിട്ട് ഹാജരാകുന്നതെന്നും കട‍്ജു അറിയിച്ചു.
നവംബർ 11ന് കേസ് പരിഗണിക്കുമ്പോൾ ഉച്ചക്ക് രണ്ട് മണിക്ക് കോടതിയിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കട്ജുവിന്റെ അഭിപ്രായം കൂടി കേട്ടശേഷമായിരിക്കും സൗമ്യവധക്കേസിലെ പുനപരിശോധനാ ഹർജിയിൽ ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബഞ്ച് തീരുമാനം എടുക്കുക. കട്ജുവിന്റെ അഭിപ്രായം ഉത്തരവിനെ സ്വാധീനിക്കും.
മുൻ സുപ്രീംകോടതി ജഡ്ജി കോടതിയിൽ ഹാജരാകുന്നത് ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ അസാധാരണ സംഭവമാകും. ഇതിനിടെ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവുമായി കേസിലെ അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി ബി സന്ധ്യ നടത്തിയ കൂടിക്കാഴ്ചക്കെതിരെ അഡ്വക്കേറ്റ് ജനറൽ സിപി സുധാകരപ്രസാദ് രംഗത്തെത്തിയിരുന്നു.എന്നാൽ, സന്ദർശനം വ്യക്തിപരമായിരുന്നുവെന്ന് എഡിജിപി സന്ധ്യ പ്രതികരിച്ചു.
