2 മണി മുതലാണ് കോടതി കേസ് പരിഗണിച്ചത്. കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ 1 മണിക്കൂര്‍ ജഡ്‍ജി രഞ്ജന്‍ ഗൊഗോയ് കട്ജുവിനു നല്‍കി. കേസിലെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും മറ്റും കട്‍ജു വിശദീകരിച്ചു. നാലാമത്തെയും നാല്‍പ്പതാമത്തെയും സാക്ഷികളെ മുഖവിലക്കേണ്ടതില്ലെന്നും ജഡ്‍ജിമാര്‍ക്ക് സ്വാഭാവിക യുക്തി വേണമെന്നും കട്‍ജു വാദിച്ചു. എന്നാല്‍ പ്രോസിക്യൂഷന്‍ നേരത്തെ മുന്നോട്ടു വച്ച തെളിവുകള്‍ക്ക് വിരുദ്ധമാണ് കട്‍ജുവിന്‍റെ വാദങ്ങളെന്നു കോടതി നിരീക്ഷിച്ചു. നിയമത്തിനപ്പുറം പോകാന്‍ വ്യവസ്ഥയില്ലെന്ന് കോടതി പറഞ്ഞു.

അറ്റോര്‍ണി ജനറല്‍ മുഗുള്‍ റോത്തഗിയുടെ വാദവും കോടതി കേട്ടു. പിന്നീട് ഈ വാദങ്ങളൊന്നും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്‍റെയും സൗമ്യയുടെ അമ്മയുടെയും ഉള്‍പ്പെടെയുള്ള പുന:പരിശോധന ഹര്‍ജികള്‍ കോടതി തള്ളി.

തുടര്‍ന്ന് ഇനിയെന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി കട്‍ജുവിനോട് ചോദിച്ചു. വിധിയില്‍ താന്‍ തൃപ്തനല്ലെന്ന് കട്‍ജു ചൂണ്ടിക്കാണിച്ചു. തുടര്‍ന്ന് നേരത്തെ തന്നെ തയ്യാറാക്കി കൊണ്ടു വന്ന കോടതി അലക്ഷ്യ നോട്ടീസ് ഒപ്പിട്ട് ജസ്റ്റിസ് കട്‍ജുവിന് നല്‍കി. പകര്‍പ്പ് മുഗുള്‍ റോത്തഗിക്കും നല്‍കി. കോടതി നടപടി നിര്‍ഭാഗ്യകരമാണെന്നും താന്‍ ഭയപ്പെടുന്നില്ലെന്നും കട്‍ജു പറഞ്ഞപ്പോള്‍ കട്‍ജുവിനെ കോടതിയില്‍ നിന്നും പുറത്താക്കാന്‍ ആരുമില്ലേയെന്ന് കോടതി ചോദിച്ചു. തുടര്‍ന്ന് കട്‍ജുവിന് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ട് ശേഷമാണ് ജ‍ഡ്‍ജമാര്‍ കോടതി വിട്ടത്.

അസാധാരണ നടപടിയിലാണ് കോടതി കേസ് ഇന്ന് പരിഗണിച്ചത്. സൗമ്യവധക്കേസിലെ കോടതി വിധിയെ സോഷ്യല്‍മീഡിയയിലൂടെ വിമര്‍ശിച്ച കുറിപ്പെഴുതിയ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു നേരിട്ട് ഹാജരായി വിധിയിലെ പിഴവ് എന്തെന്ന് ചൂണ്ടിക്കാണിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ജസ്റ്റിസ് കട്ജു കോടതിയിലെത്തുന്നത്. സൗമ്യകേസില്‍ കോടതിക്ക് പിഴവ് പറ്റിയെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വിധിയിലെ പിഴവ് 20 മിനിറ്റ് കൊണ്ട് കോടതിയെ ബോധ്യപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷയെന്നും കേസ് പരിഗണിക്കുന്നതിനു മുമ്പ് കട്‍ജു മാധ്യമങ്ങളോടു പറഞ്ഞിരുന്നു.