വിമാനത്തില്‍ ദ്വാരമുണ്ടെയാന്നും ആരോ പുറത്തേക്ക് വീണുവെന്നും പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പുകളും അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്

ഫിലാഡല്‍ഫിയ: യാത്രയ്‌ക്കിടെ വിമാനത്തിന്റെ എഞ്ചിന്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ഏഴ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനമാണ് അപകടത്തെ തുടര്‍ന്ന് ഫിലാഡല്‍ഫിയയില്‍ അടിയന്തരമായി നിലത്തിറക്കിയത്. 

ന്യൂയോര്‍ക്ക് ലഗ്വാഡിയ വിമാനത്താവളത്തില്‍ നിന്ന് ഡാലസിലേക്ക് പറക്കുകയായിരുന്ന വിമാനം ആകാശത്ത് 32,000 അടി ഉയരത്തിലായിരുന്നപ്പോഴാണ് എഞ്ചിന്‍ പൊട്ടിത്തെറിച്ചത്. 143 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് ഈ സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. എഞ്ചിനിലെ ഫാന്‍ബ്ലേഡ് വിമാനത്തില്‍ നിന്ന് വേര്‍പെട്ടു. തുടര്‍ന്ന് ഇടതുവശത്തുള്ള ജനാലയുടെ ഗ്ലാസ് തകരുകയും വിമാനത്തിനുള്ളില്‍ ശക്തമായ മര്‍ദ്ദവ്യതിയാനം സംഭവിക്കുകയും ചെയ്തു. ജനാലയുടെ അരികിലിരിക്കുകയായിരുന്ന ജെന്നിഫര്‍ റിയൊര്‍ഡന്‍ എന്ന സ്‌ത്രീയാണ് മരിച്ചത്. ജനാല തകര്‍ന്നതിനെ തുടര്‍ന്ന് ശക്തമായ മര്‍ദ്ദത്തില്‍ ഇവര്‍ പുറത്തേക്ക് തെറിച്ചുവീഴാന്‍ പോയപ്പോള്‍ മറ്റ് യാത്രക്കാര്‍ പിടിച്ചുവെയ്‌ക്കുകയായിരുന്നു.

വിമാനത്തില്‍ ദ്വാരമുണ്ടെയാന്നും ആരോ പുറത്തേക്ക് വീണുവെന്നും പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പുകളും അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ബോയിങ് 737-700 വിഭാഗത്തില്‍ പെടുന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. സംഭവം അതീവ ഗൗരവകരമാണെന്നും വിശദമായ അന്വേഷണം ആരംഭിച്ചുവെന്നും നാഷണല്‍ ട്രാന്‍സ്‍പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് അറിയിച്ചു.