തിരുവനന്തപുരം: അപകടങ്ങളില്‍പ്പെട്ട് ശ്വാസോച്ഛ്വോസത്തിന് തടസം നേരിടുന്നവരേയും ഹൃദയാഘാതം വന്നവരേയും പെട്ടന്നുതന്നെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടു വരുവാന്‍ കഴിയുന്ന ജീവന്‍രക്ഷാ പരിശീലന പരിപാടിയായ അഡ്വാന്‍സ്ഡ് ട്രോമകെയര്‍ ലൈഫ് സപ്പോര്‍ട്ടിന്റെ (ATLS Training) ഭാഗമായ അഡ്വാന്‍സ്ഡ് എയര്‍വേ മാനേജ്‌മെന്റ് ട്രെയിനിംഗ് മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ചു. ബേസിക് ലൈഫ് സപ്പോര്‍ട്ട് (ബി.എല്‍.എസ്.), അഡ്വാന്‍സ്ഡ് ക്രിട്ടിക്കല്‍ ലൈഫ് സപ്പോര്‍ട്ട് (എ.സി.എല്‍.എസ്.) എന്നീ പരിശിലനങ്ങളുടെ മൂന്നാംഘട്ടമായാണ് എ.ടി.എല്‍.എസ്. പരിശീലനം സംഘടിപ്പിച്ചത്. അത്യാഹിത വിഭാഗം, ഐ.സി.യു. എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍, പി.ജി. ഡോക്ടര്‍മാര്‍, ഹൗസ് സര്‍ജന്‍മാര്‍, നഴ്‌സുമാര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചത്.
അത്യാധുനികമായ മാനികിനുകളുടെ സഹായത്തോടെയാണ് പരിശീലനം നല്‍കിയത്. അത്യാസന്നരായി വരുന്ന രോഗികളുടെ ഹൃദയതാളവും ശ്വാസ തടസവും അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് നേരെയാക്കുന്ന വിധത്തെപ്പറ്റിയായിരുന്നു പരിശീലനം. തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ എസ്.എസ്.ബി.യില്‍ നടന്നുവരുന്ന പരിശീലന പരിപാടിയില്‍ 250ലധികം ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
അത്യാഹിത വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. അനസ്തീഷ്യാ വിഭാഗത്തിലെ ഡോ. ബാബുരാജ്, ഡോ. അന്‍സാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുകയും പ്രായോഗിക പരിശീലനം നല്‍കുകയും ചെയ്തു.
