Asianet News MalayalamAsianet News Malayalam

ബിഷപ്പിന്‍റെ ബലാത്സംഗകേസിൽ സര്‍ക്കാറിന്‍റെ കള്ളക്കളി; കന്യസ്ത്രീകള്‍ വീണ്ടും സമരത്തിന്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സ്പെഷ്യൽ പ്രോസിക്യൂട്ടറെ ഇനിയും നിയമിച്ചില്ല. നിയമനം നടക്കാത്തതിനാൽ കുറ്റപത്രം വൈകുന്നു. ഫയൽ ഇപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിലെന്ന് സൂചന. വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങി കന്യാസ്ത്രീകൾ.

Special Prosecutor has not yet been appointed in case against Franco Mulakkal
Author
Kochi, First Published Jan 1, 2019, 9:22 AM IST

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗകേസിൽ സര്‍ക്കാറിന്‍റെ കള്ളക്കളി. സ്പെഷ്യൽ പ്രോസിക്യൂട്ടറെ ഇനിയും നിയമിച്ചില്ല. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാത്തത് മൂലം കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുകയാണ്. പ്രോസിക്യൂട്ടറെ നിയമിക്കാത്തത് ചിലരുടെ സ്വാധീനത്തിന്‍റെ ഫലമാണെന്നാരോപിച്ച് കേസിലെ സാക്ഷികളായ കന്യാസ്ത്രീകൾ രംഗത്തെത്തി.

കന്യാസ്ത്രീ നൽകിയ പരാതിയിൽ കഴിഞ്ഞ സെപ്റ്റംബർ 21നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് തൊണ്ണൂറിലധികം ദിവസം കഴിഞ്ഞിട്ടും സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചില്ല. ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യമനുവദിച്ചതോടെ കുറ്റപത്രം വൈകിയാലും കുഴപ്പമില്ലെന്ന നിലയായി. കുറ്റപത്രം നവംബറിൽ തന്നെ അന്വേഷണ സംഘം തയ്യാറാക്കിയതാണ്.

ഇനി സ്പെഷ്യൽ പ്രോസിക്യൂട്ടറെ കാണിച്ച ശേഷമേ കോടതിയിൽ സമർപ്പിക്കാൻ കഴിയൂ. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള ഫയൽ ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലെന്നാണ് സൂചന. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമനം വൈകുന്നതിനെതിരെ കുറവിലങ്ങാടത്തെ കന്യാസ്ത്രീമാർ രംഗത്തെത്തി.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സഭയിലെ കന്യാസ്ത്രീ മെയ് അവസാനമാണ് പരാതി നൽകിയത്. നാലര മാസത്തെ അന്വേഷണത്തിന് ശേഷമായിരുന്നു ഫ്രാങ്കോയുടെ അറസ്റ്റ്. കന്യാസ്ത്രീ മാർ തെരുവിൽ സമരത്തിനൊടുവിലായിരുന്നു അറസ്റ്റ്. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ വൈകിയാൽ വീണ്ടും തെരുവിലിറങ്ങുമെന്ന് കന്യാസ്ത്രീമാർ പറഞ്ഞു.

Follow Us:
Download App:
  • android
  • ios